പത്തനംതിട്ട: മലമുകളിലുണ്ടായ വിമാന അപകടത്തിൽ കാണാതാകുകയും 56 വർഷത്തിനു ശേഷം മഞ്ഞുപാളികൾക്കിടയിൽനിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്ത സൈനികൻ ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. ഹിമാചല്‍പ്രദേശിലെ രോത്താങ് പാസിലെ മഞ്ഞ് മലയില്‍നിന്ന, കണ്ടെടുത്ത മൃതദേഹം ഇതിനകം ചണ്ഡിഗഡിൽ എത്തിച്ചിട്ടുണ്ട്. എംബാം ചെയ്ത് വിമാനമാർഗം വ്യാഴാഴ്ച വൈകീട്ടോടെ തിരുവനന്തപുരത്ത് എത്തിക്കും. ഇവിടെ നിന്നാകും വെള്ളിയാഴ്ച രാവിലെ ഇലന്തൂർ ഒടാലിൽ വീട്ടിൽ എത്തിക്കുക. പാങ്ങോടു നിന്നുള്ള സൈനിക സംഘം മൃതദേഹത്തെ അനുഗമിക്കും.
പൊതു ദർശനത്തിനുശേഷം സൈനിക ബഹുമതികളോടെ ഉച്ചക്ക് രണ്ടിന് കാരൂർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലാകും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു. 1968ലാണ് 102 സൈനികരുമായി ചാണ്ഡിഗഡില്നിന്നും ലേയിലേക്ക് പോയ ഇരട്ട എന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് അപകടത്തിൽപെട്ട് റഡാറിൽനിന്ന് അപ്രത്യക്ഷമായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാൻ ഉൾപ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. ഇതുൾപ്പെടെ ഒമ്പത് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത്. ഇനിയും കണ്ടെത്താനുള്ളവരുടെ കൂട്ടത്തിൽ കോട്ടയം സ്വദേശി കെ.കെ. രാജപ്പൻ, റാന്നി വയലത്തല സ്വദേശി എ.എം. തോമസ് എന്നിവരും ഉണ്ട്. 18ാം വയസ്സിൽ സൈന്യത്തിൽ ചേർന്ന തോമസ് ചെറിയാന് കൊല്ലപ്പെടുമ്പോള്‍ 21 വയസായിരുന്നു.
ഇ.എം.എ കോര്‍പ്സിലെ സി.എഫ്.എന്‍ ആയിരിക്കുമ്പോഴാണ് തോമസ് കൊല്ലപ്പെടുന്നത്. തോമസ് ചെറിയാന്റെ സഹോദരന് തോമസ് മാത്യു സൈന്യത്തിലായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്നാണ് തോമസ് ചെറിയാനും സൈന്യസേവനത്തിനിറങ്ങിയത്. സഹോദരന് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് തോമസ് മാത്യു വിരമിച്ചു. കാണാതായ മകനുവേണ്ടി കാത്തിരുന്ന പിതാവ് ഒ.എം. തോമസ് മൃതദേഹം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സൈന്യവുമായി നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. മകന്റെ മൃതദേഹം എങ്കിലും കാണണമെന്ന ആഗ്രഹം സഫലമാകാത്തതിന്റെ വ്യഥയുമായി അദ്ദേഹം 1990ൽ മരിച്ചു. 1998ല്‍ മാതാവ് ഏലിയാമ്മയും മരണപ്പെട്ടു. അഞ്ച് സഹോദരിൽ തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ് എന്നിവരാണ് ജീവിച്ചിരിക്കുന്നത്. കുടുംബവീട്ടിൽ ഏറ്റവും ഇളയ സഹോദരൻ തോമസ് വർഗീസാണ് താമസം.
കാതോലിക്കേറ്റ് ഹൈസ്കൂളിൽ 1956-59ൽ പഠനം നടത്തിയ ഇലന്തൂർ ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ പേര് ഇപ്പോഴും അഡ്മിഷൻ രജിസ്റ്ററിൽ ഭദ്രമായുണ്ട്.
ഒ.എം. തോമസ് എന്ന കർഷകന്റെ മകനായാണ് ഈ പേര് രജിസ്റ്ററിൽ ഉള്ളത്. ഇലന്തൂർ എം.ടി എൽ.പി സ്കൂളിലും പ്രക്കാനം യു.പി സ്കൂളിലുമായി 1951 മുതൽ പഠനം നടത്തിയശേഷമാണ് തോമസ് ചെറിയാൻ കാതോലിക്കേറ്റ് സ്കൂളിൽ അഡ്മിഷൻ തേടുന്നത്. 1946 ജൂൺ 13 ആണ് ജനനത്തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
മഞ്ഞുമലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ അഞ്ചര പതിറ്റാണ്ട് പിന്നിട്ടപ്പോഴും തോമസ് ചെറിയാന്റെ കരസേനയിലെ നമ്പർ മാഞ്ഞിരുന്നില്ല. യൂനിഫോമിലെ നെയിംബാഡ്ജും അതിലെ 7093526 എന്ന നമ്പറുമാണ് മൃതദേഹം വേഗത്തിൽ തിരിച്ചറിയാൻ സഹായകരമായതെന്ന് കരസേന ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇതിനൊപ്പം പേ ബുക്കും കണ്ടെത്തിയിരുന്നു. ബുക്കിലെ തോമസ് ചെറിയാൻ എന്ന് ഇംഗ്ലീഷിൽ എഴുതിയ പേരിൽ തോമസിനു ശേഷം ‘സി’ എന്ന അക്ഷരം കഴിഞ്ഞുള്ള ഭാഗം കത്തിയ നിലയിലായിരുന്നു. തറവാട് വീട് പൊളിച്ചപ്പോൾ തോമസ് ചെറിയാന്റെ ഫോട്ടോ അടങ്ങിയ ആൽബം വീണ്ടെടുക്കാനാകാതെ നശിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് തോമസ് ചെറിയാന്റെ ഫോട്ടോ കൈവശമില്ലാത്തതിന്റെ വിഷമം സഹോദരങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ചൊവ്വാഴ്ച കരസേന സെക്കന്തരാബാദ് യൂനിറ്റിൽ ജോലി ചെയ്തിരുന്ന റിട്ട. ഉദ്യോഗസ്ഥൻ വാട്സ്ആപ് വഴി ബന്ധുക്കൾക്ക് ഒരു ചിത്രം അയച്ചു നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.