തിരുവനന്തപുരം: മദ്റസകൾക്ക് ശമ്പളം നൽകുകയും ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുകയും ചെയ്യുന്നതായ നുണ കേരളത്തിൽ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. സർക്കാർ മദ്റസകൾക്ക് ശമ്പളം നൽകുന്നില്ലെന്ന് മാത്രമല്ല, ക്ഷേത്രങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
മതധ്രുവീകരണത്തിനും വർഗീയവത്കരണത്തിനും എന്തെല്ലാം ഉപയോഗിക്കാനാകുമെന്ന് നോക്കുന്നവരെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേരള പബ്ലിക് സർവിസ് കമീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി ബിൽ, പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബിൽ എന്നിവയുടെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൂടുതൽ ബോർഡുകളുടെയും കോർപറേഷനുകളുടെയും നിയമനം പി.എസ്.സിക്ക് വിടുമെന്നും പിൻവാതിൽ നിയമനം സർക്കാർ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ സമീപനം കൂടുതൽ ഉദാരമാകണം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഇതു സഹായകമാകും. ഇവിടത്തെ ആൾക്കാർക്ക് ഇവിടെത്തന്നെ തൊഴിലവസരം സൃഷ്ടിക്കാൻ ഇത് അവസരമൊരുക്കും.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതും, പ്രവാസി ക്ഷേമനിധി ബോർഡിന്റെ രൂപവത്കരണം സംബന്ധിച്ചുള്ളതുമായിരുന്നു ബില്ലുകൾ. ചർച്ചകൾക്കു ശേഷം രണ്ടു ബില്ലുകളും പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.