കരുതിയില്ലെങ്കിൽ 'പൊളിച്ചടക്കും'; കാറുകൾ വാടകക്ക്​ കൊടുക്കുന്നവർ ജാഗ്രതൈ

അടിമാലി: വാഹനങ്ങള്‍ വാടകക്കെടുത്ത് പൊളിച്ച് വില്‍ക്കുന്ന സംഘം  വ്യാപകമാകുന്നു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ന് മുകളില്‍ വാഹനങ്ങള്‍ തട്ടിയെടുത്തതായി വിവരം.  നേരത്തെ ​എറണാകുളം,കോട്ടയം ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. 

പെരുമ്പാവൂരില്‍ നിന്ന് മാത്രം 16 ആഡംബര കാറുകളാണ് സംഘം തട്ടിയെടുത്തത്. മുന്തിയ ഇനം കാറുകളാണ് ഇവര്‍ വാടകക്കെടുത്ത് തട്ടിപ്പ് നടത്തുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് വാഹനങ്ങള്‍ പൊളിക്കുന്ന സംഘവും തമിഴ്‌നാട്ടിലെ വാഹന പണമിടപാട് സംഘവുമാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കിയിലെ പ്രധാന പട്ടണങ്ങളായ തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

തൊടുപുഴ സ്വദേശിയാണ് മുഖ്യ സൂത്രധാരകന്‍. ഇയാള്‍ക്ക് കട്ടപ്പനയില്‍ ഏലത്തോട്ടമുണ്ട്. കട്ടപ്പനയിലും അടിമാലിയിലുമുളള മറ്റ് രണ്ടുപേരുംകൂടി ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്. ഇവര്‍ക്ക് നിരവധി ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ദിവസം അടിമാലിയില്‍ നിന്ന് രണ്ട് കാറുകള്‍ കട്ടപ്പന സ്വദേശിയുടെ നേത്യത്വത്തില്‍ മാസ വാടകക്ക് നല്‍കിയിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും വാടകയോ വാഹനത്തെ കുറിച്ചുളള വിവരമോ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ കാറുകള്‍ തമിഴ്‌നാട്ടിലെ കമ്പത്താണെന്ന് മനസിലാക്കി. കബളിപ്പിക്കപ്പെട്ടത് മനസിലാക്കിയ കാറിന്‍റെ ഉടമകള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അടിമാലി പൊലീസ് അന്വേഷണം നടത്തിയില്ല.

തുടര്‍ന്ന് തമിഴ്‌നാട്ടിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഈ കാറുകള്‍ കണ്ടെത്തി. കമ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി വാഹനം തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. ഇതിനിടയില്‍ ഈ കാറുകള്‍ മധുരയിലേക്ക് കടത്തി. ഇവിടെ എത്തി മധുര പൊലീസിന്‍റെ സഹായത്തോടെ കാറുകള്‍ കസ്റ്റഡിയില്‍ എടുത്തു. ഇവിടെ പൊലീസുമായി അടുത്ത ബന്ധമുളള അന്തര്‍സംസ്ഥാന റാക്കറ്റ് അടിമാലി സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചശേഷം കേസില്ലാതെയാണ് കാറുകള്‍ കൈമാറിയത്. കാറുകളില്‍ ജി.പി.എസ്. സംവിധാനം ഉണ്ടായിരുന്നതാണ് ലോക്കേഷന്‍ മനസിലാക്കുന്നതിനും കാറുകള്‍ തിരികെ എടുക്കുന്നതിനും സഹായകമായത്. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ ഈ സംഘം ഇത്തരം തട്ടിപ്പ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് പൊലീസ് യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.

നേരത്തെ മഹാരാഷ്ട്രയില്‍ നിന്നടക്കം മോഷണ വാഹനങ്ങള്‍ ഇടുക്കിയിലെത്തിച്ച് വില്‍പ്പന നടത്തിയ സംഘവും ഇപ്പോഴത്തെ ഈ തട്ടിപ്പിന് പിന്നിലുണ്ട്. വാഹനത്തിന്‍റെ ചെയ്‌സി, എന്‍ജിന്‍ നമ്പരുകള്‍ ഉള്‍പ്പെടെ മാറ്റിയും വ്യാജ ആര്‍.സി.ബുക്കുകള്‍ നിര്‍മ്മിച്ചും നിരവധി തട്ടിപ്പുകള്‍ ഹൈറേഞ്ച് കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. പുതിയ തട്ടിപ്പിന് ഇരയായിരിക്കുന്നതില്‍ ഏറെയും വാടകക്ക്​ കാറുകള്‍ നല്‍കുന്ന യുവാക്കളാണ്. പലരില്‍ നിന്നും 30000 ന് മുകളിലുളള മാസ വാടകക്കാണ് വാഹനങ്ങള്‍ എടുക്കുന്നത്. വാഹനങ്ങള്‍ നഷ്ടമായവര്‍ വാട്ട്‌സ് ആപ്പ് കൂട്ടായ്മയും തുടങ്ങി.

നഷ്ടമായ വാഹനങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന വിവിരങ്ങള്‍ ഗ്രൂപ്പിലുടെ ചര്‍ച്ച നടത്തുന്നതിനും അന്വേഷണം നടത്തുന്നതിനുമായിട്ടാണ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പില്‍ ഇതേവരെ 200 ന് മുകളില്‍ അംഗങ്ങളായതായിട്ടാണ് വിവരം.

Tags:    
News Summary - The car demolition gang is widespread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.