കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി എം.ജെ. സോജന് ഐ.പി.എസ് നൽകുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ മാതാവിന്റെ കോടതിയലക്ഷ്യ ഹരജി.
സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുകയും തീരുമാനമെടുക്കുകയും ചെയ്യും മുമ്പ് തന്നെയും കേൾക്കണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് ആരോപിച്ചാണ് ഹരജി. ഹരജിക്കാരിയെയും കേൾക്കണമെന്ന് സെപ്റ്റംബർ 25ന് ഹൈകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ലെന്നാണ് ഹരജിയിൽ പറയുന്നത്. സർക്കാറിന്റെയടക്കം വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ജൂലൈ 24ലേക്ക് മാറ്റി.
ഐ.പി.എസ് സാധ്യത പട്ടികയിലുള്ള സോജന്റെ അപേക്ഷയിൽ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തയാറെടുക്കുകയാണെന്ന് ഹരജിയിൽ പറയുന്നു.
പീഡനത്തിനിരയായ തന്റെ പെൺമക്കളുടെ ദുരൂഹമരണം അന്വേഷിച്ച സോജൻ മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി നേരത്തേ ഹരജി നൽകിയിരുന്നു.
ഐ.പി.എസിന് ശിപാർശ ചെയ്യും മുമ്പേ ഹരജിക്കാരിയെയും കേൾക്കണമെന്ന് ഈ ഹരജിയിലാണ് കോടതി നിർദേശിച്ചത്. ചീഫ് സെക്രട്ടറി വി. വേണു, ആഭ്യന്തര അഡീ. സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരെ എതിർകക്ഷിയാക്കിയാണ് കോടതിയലക്ഷ്യ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.