കെ.എസ്.ഇ.ബി ഓഫിസുകൾ ഇനി കാമറ നിരീക്ഷണത്തിൽ; ഫോൺ കാളുകൾ റെക്കോഡ് ചെയ്യും

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസുകളിൽ ശബ്ദമടക്കം റെക്കോഡ് ചെയ്യുന്ന നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഓഫിസുകളിലെത്തി ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതും നാശനഷ്ടം വരുത്തുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണിതെന്ന് വിതരണവിഭാഗം ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഉപഭോക്താക്കൾ എത്തുന്ന ഓഫിസിലെ എല്ലാ ഭാഗങ്ങളും കാമറ നിരീക്ഷണത്തിലാക്കും. ഫ്രണ്ട് ഓഫിസ്, കാഷ് കൗണ്ടറുകൾ, എൻജിനീയർമാരുടെ മുറികൾ, കോൺഫറൻസ് ഹാൾ തുടങ്ങിയ സ്ഥലങ്ങളിലെ ശബ്ദമടക്കമുള്ള ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് രണ്ടാഴ്ചവരെ സൂക്ഷിക്കും. കൂടുതൽ ഉപഭോക്താക്കളുള്ളതും വിശാലമായ പരിധിയുള്ളതുമായ ഓഫിസുകളിലാണ് ആദ്യം കാമറ സ്ഥാപിക്കുക.

രണ്ടാംഘട്ടത്തിൽ മറ്റ് ഓഫിസുകളിലും കാമറ ഘടിപ്പിക്കും. ഓഫിസ് ചുമതലയുള്ള ഉദ്യോഗസ്ഥന് കാമറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണാം. ഒപ്പം ഓഫിസുകളിലെ ലാൻഡ് ഫോണുകളിൽ റെക്കോഡിങ് സംവിധാനം ഏർപ്പെടുത്താനും ഉത്തരവിൽ നിർദേശിക്കുന്നു. ഓഫിസുകളിൽ നടക്കുന്ന അക്രമങ്ങളിലടക്കം കൃത്യമായ തെളിവു നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്.

നിരീക്ഷണ കാമറ വരുന്നതോടെ ഇക്കാര്യത്തിന് പരിഹാരമാവും. തെളിവില്ലാത്തതിനാൽ കെ.എസ്.ഇ.ബിയുടെ വാദം കോടതികൾ തള്ളുന്ന സ്ഥിതിയും ഒഴിവാകും. 

Tags:    
News Summary - KSEB offices under camera surveillance; phone calls will be recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.