തൃശൂര്‍: സമരം ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃശൂര്‍ മേയര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കും. മേയർ എം.കെ. വര്‍ഗീസിന്റെ പേരിലെടുത്ത ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കേസ് ആണ് റദ്ദാക്കുക. മേയർക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നും കൗണ്‍സിലര്‍മാർക്ക് നേരെ വധശ്രമം നടന്നിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയിൽ ഡ്രൈവര്‍ ലോറന്‍സിനെ ഒന്നാം പ്രതിയും മേയറെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 308ാം വകുപ്പാണ് ഇരുവരുടേയും പേരില്‍ ചുമത്തിയത്. 324 (അപകടം വരുത്താവുന്ന വസ്തുക്കൾ ഉപയോഗിക്കൽ), സംഘം ചേരൽ (34) വകുപ്പുകളും ചുമത്തി.
പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ നൽകിയ പരാതിയിൽ ടൗൺ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഒഴിഞ്ഞുമാറിയിരുന്നില്ലെങ്കില്‍ മരണം സംഭവിക്കുമായിരുന്ന അപകടമായി മാറിയേനെ എന്നതിനാലാണ് മനഃപൂര്‍വമല്ലാത്ത നരഹത്യശ്രമത്തിനുള്ള ഈ വകുപ്പ് ഉള്‍പ്പെടുത്തിയത്.
കോര്‍പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ കാര്‍ തടയുകയായിരുന്നു. മുന്നോട്ടെടുത്ത കാര്‍ തട്ടി ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധം തടയാനെത്തിയതിനെ തുടര്‍ന്ന് നാല് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.