ആലപ്പുഴ: ബൈപാസ് ഉദ്ഘാടനച്ചടങ്ങിൽ പരസ്പരം പുകഴ്ത്തി കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്രവും കേരളവും ക്രിയാത്മകമായി ഇടപെട്ടതിെൻറ അവസാനത്തെ ഉദാഹരണമാണ് ആലപ്പുഴ ബൈപാസ് പൂർത്തീകരണമെന്നും നിർമാണത്തിന് കേന്ദ്രം എല്ലാ സഹായവും നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രിക്ക് മുമ്പ് സംസാരിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കേരളത്തിെൻറ വികസനകാര്യങ്ങളിൽ കേന്ദ്രത്തിനുള്ള താൽപര്യം വ്യക്തമാക്കി. സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ നടത്തിയതിന് മുഖ്യമന്ത്രിയെയും സർക്കാറിനെയും അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യങ്ങളിൽ ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ഡൽഹിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
തെൻറ പ്രസംഗത്തിൽ ഇതിനോട് പിണറായി നന്ദിപൂർവമാണ് പ്രതികരിച്ചത്. നേരത്തേയും തന്നെ ക്ഷണിച്ചത് അനുസ്മരിച്ച മുഖ്യമന്ത്രി, കോവിഡ് പശ്ചാത്തലത്തിൽ യാത്രകൾ ഉപേക്ഷിച്ചതിനാലാണ് അവസരമൊരുങ്ങാത്തതെന്നും നിശ്ചയമായും അടുത്ത വരവിൽ അത് സാധ്യമാക്കുമെന്നും വ്യക്തമാക്കി. റോഡപകടങ്ങൾ കുറക്കാൻ ഗഡ്കരി മുന്നോട്ടുവെച്ച നിർദേശത്തിൽ പിണറായി ഉടൻതന്നെ തീരുമാനം വ്യക്തമാക്കിയതും ശ്രദ്ധേയമായി.
കേന്ദ്ര സഹായം പ്രത്യേകം അനുസ്മരിച്ച മന്ത്രി ജി. സുധാകരൻ, കേന്ദ്രവും സംസ്ഥാനവും വ്യത്യസ്ത മുന്നണികളിൽപെട്ടവർ ഭരിക്കുന്ന വേളയിലും തുല്യപങ്കാളിത്തത്തോടെ പദ്ധതി വിജയകരമായി പൂർത്തിയാക്കാനായെന്നത് വിജയമാണെന്ന് എടുത്തുപറയാനും മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.