തിരുവനന്തപുരം:ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദല്‍ മാതൃകയാണ് കെ-ഫോണ്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന കേരളത്തിന്റെ സ്വപ്നം യാഥാർഥ്യവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് കെ ഫോൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്, അഥവാ കെ-ഫോണ്‍. കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്.
ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്.
നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കി. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള കേബിള്‍ വലിച്ചു. 2,105 വീടുകള്‍ക്ക് കണക്ഷന്‍ നൽകി. കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള ഓഫീസുകളിലും വീടുകളിലും എല്ലാം ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. ആ പശ്ചാത്തലത്തിലാണ് ഇന്നിവിടെ കെ-ഫോണിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടുന്നത്.
ലോകത്തേറ്റവും അധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 700 ലധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സര്‍ക്കാര്‍ സവിശേഷമായി ഇടപെടുന്നത്. ആ നിലക്ക്, സര്‍ക്കാരിന്റെ, നമ്മുടെ നാടിന്റെ ജനകീയ ബദല്‍ നയങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി.
മികച്ച വാസസ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകര്‍ഷിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേസമയം തന്നെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണ്.
വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് കെ-ഫോണിലൂടെ നാം ചെയ്യുന്നത്. അതിലൂടെ കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ് നമ്മള്‍.
സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ ഉള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ന് ചോദിച്ചവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് എളുപ്പം മനസിലാവുന്നതല്ല കേരളത്തിന്റെ ബദല്‍.
അതേ ആളുകള്‍ തന്നെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നും ദിവാസ്വപ്നം എന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചത്. ആ കിഫ്ബിയിലൂടെയാണ് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഈ കേരളത്തില്‍ ഏറ്റെടുത്തിട്ടുള്ളത്.
2016 തൊട്ട് കേരളത്തിന്റെ ഐ.ടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. സമാനമായ മുന്നേറ്റമാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ വ്യവസായ മേഖലയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ അതിന്റെ മികച്ച ഉദാഹരണമാണ്.
കെ-ഫോണ്‍ ഒരു പൊതുമേഖലാ സംരംഭമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുകയും വിറ്റുതുലയ്ക്കുകയും ചെയ്യുന്ന നയ-നിലപാടുകള്‍ക്കുള്ള കേരളത്തിന്റെ ബദലാണിത്. കേന്ദ്രം വില്‍പ്പനക്കുവെച്ച ഭെല്‍ - ഇ.എം.എല്‍, എച്ച്.എന്‍.എല്‍ എന്നിവയൊക്കെ ഏറ്റെടുത്ത് നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ബദല്‍ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണിത്. കെ-ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.