തിരുവനന്തപുരം: പി.ആർ ഏജൻസി വഴി ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം വലിയ വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം.
വിവാദ വിഷയങ്ങളിൽ പ്രതികരിക്കുമെന്നാണ് അറിയുന്നത്. താൻ പറയാത്ത കാര്യങ്ങളാണ് ദ ഹിന്ദുവിലെ അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അഭിമുഖം നൽകിയ ദ ഹിന്ദു ദിനപത്രം പി.ആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫിസും സി.പി.എം നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെയിലാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്.
പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിലും വിശദമായ മറുപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെയും അൻവർ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിപദം മുഹമ്മദ് റിയാസിനോ വീണക്കോ നൽകിയെങ്കിലും പിണറായി സ്ഥാനമൊഴിയണമെന്ന് അൻവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നേരെ നിന്ന് സംസാരിക്കാൻ നട്ടെല്ല് ഉള്ള ഒരാളും ഇല്ലെന്നതാണ് സി.പി.എമ്മിന്റെ ശാപം. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്. സ്വർണക്കടത്തിലും താൻ ഉന്നയിച്ച ആരോപണങ്ങളിലും ജുഡീഷ്യൽ അന്വേഷണം വേണം. അന്വേഷണം നടത്താൻ വെല്ലുവിളിക്കുകയാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.