കൊച്ചി: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള ഏഴ് ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.കാന്‍സറും ജീവിത ശൈലി രോഗമാണ്. ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചു. ആര്‍.സി.സിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും ഒട്ടേറെ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു.
ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ സങ്കീർണ രോഗാവസ്ഥ കൈകാര്യം ചെയ്യാന്‍ സവിശേഷ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമഗ്രമായ അര്‍ബുദ നിയന്ത്രണം ലക്ഷ്യമാക്കി തയാറാക്കിയ കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പൈലറ്റ് അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളില്‍ ആരംഭിച്ചതിനു പുറമെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
കാന്‍സര്‍ സെന്ററുകളേയും മെഡിക്കല്‍ കോളജുകളേയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനായി കാന്‍സര്‍ ഗ്രിഡ് രൂപികരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. കാന്‍സറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്. അവയ്ക്ക് കരുത്ത് പകരാന്‍ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നം മുഖ്യമന്ത്രി പറഞ്ഞു.
നിപയെ തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ഫലപദമായി ഇടപെട്ട് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒമ്പത് വയസുള്ള കുട്ടിയടക്കം നാലു പേരും രോഗമുക്തി നേടി. ഇത്തരത്തില്‍ പൊതുജനാരോഗ്യത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനംകൂടിയാണ് മുഖ്യമന്ത്രി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിര്‍വഹിച്ചത്. ഇനി എല്ലാ സര്‍ക്കാര്‍ പരിപാടികളും ശുചിത്വ പ്രതിജ്ഞ എടുത്താകും ആരംഭിക്കുന്നത്.
മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.രാജീവ്, മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. മേയര്‍ എം.അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവര്‍ മുഖ്യാതിഥികളായി. സിഎസ്എംഎല്‍ സിഇഒ ഷാജി വി.നായര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സബ് കളക്ടര്‍ പി.വിഷ്ണുരാജ്, ഡിഎംഒ ഡോ.കെ.കെ ആശ, ജനറല്‍ ആശുപത്രി സൂപ്രണ്ട്് ഡോ.ആര്‍.ഷഹീര്‍ഷാ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.