മൂവാറ്റുപുഴ: മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട ദലിത് കുടുംബത്തിലെ കുട്ടികളെ മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ വാതിൽ തകർത്ത് തിരികെ പ്രവേശിപ്പിച്ചു.
പായിപ്ര പഞ്ചായത്ത് പായിപ്ര എസ്.സി കോളനിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വലിയപറമ്പിൽ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്. അയൽവാസികൾ, മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല. ഇതോടെ വിവരമറിഞ്ഞെത്തിയ എം.എൽ.എ, പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വർക്കി എന്നിവരുടെ നേതൃത്വത്തിലെ ജനപ്രതിനിധികൾ കുട്ടികളെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശ്ശികയായതിന്‍റെ പേരിലാണ് നടപടി. അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഞ്ചായത്ത് നൽകിയ മൂന്ന് സെന്‍റ് സ്ഥലത്ത് നിർമിച്ച വീടിനെതിരെയാണ് ജപ്തി നടപടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.