കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ച വാര്‍ത്ത ഞെട്ടിപ്പിച്ചെന്ന് വിമൻ ഇൻ സിനിമ കലക്ടീവ്. നീതിക്ക് വേണ്ടിയുള്ള ഈ ദുസഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്തമായിരിക്കണമെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണെന്നും ഡബ്ല്യു.സി.സി ചോദിച്ചു.
ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു.സി.സി. കേള്‍ക്കുന്നത്.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്.
ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്തമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ!
കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രത്യേക കോടതി ജഡ്ജ് ഹണി. എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി...
ഇനിപ്പറയുന്നതിൽ Women in Cinema Collective പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.