പത്തനംതിട്ട: വിവാദമായ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ല കളക്ടർ ദിവ്യ എസ്. അയ്യർ റിപ്പോർട്ട് നൽകി. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഉദ്യോഗസ്ഥരുടെ അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോർട്ടിന് മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.
കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാൻ സാധ്യതയുണ്ട്. ഇതെ കുറിച്ച് ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച നടക്കും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് സാധ്യത.
കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയിത്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും വ്യക്തമായിരുന്നു. സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ.യു. ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു വിശദീകരണം ചോദിച്ചതോടെയാണിത് വാർത്തയായത്.
ഇതിന്റെ തുടർച്ചയായി ജീവനക്കാരുടെ കൂട്ട അവധിയിൽ ഇടപെട്ട എംഎൽഎയും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് പോര് നടന്നു. കെ.യു. ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യുട്ടി തഹസിൽദാർ എം.സി. രാജേഷ് രംഗത്തെത്തി. താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം.സി. രാജേഷ് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് എം.എൽ.എ ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസിൽദാരുടെ കസേരയിലിരിക്കാനും രജിസ്റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാൽ ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.