തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നിലവിലെ വെള്ളനിറം ഒഴിവാക്കാനുള്ള നീക്കത്തിൽനിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങി. വിഷയം ഔദ്യോഗിക അജണ്ടയായി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്‍റെ (എസ്.ടി.എ) പരിഗണനക്കെത്തിയെങ്കിലും നേരത്തെയെടുത്ത നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം നിലവിലെ സ്കൂൾ ബസുകളുടെ മാതൃകയിൽ മഞ്ഞ നിറത്തിലേക്ക് മാറ്റാനും എസ്.ടി.എ തീരുമാനിച്ചു. ഒക്ടോബർ ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽവരും.
ഒമ്പത് പേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആന്‍റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ബഹുവർണവും സിനിമ നടൻമാരുടെയും മറ്റും കൂറ്റൻഗ്രാഫിക് ചിത്രങ്ങളുമടക്കം രാത്രികാഴ്ചക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിലായിരുന്നു വെള്ള നിറത്തിലേക്കുള്ള മാറ്റം. എന്നാൽ മന്ത്രി മാറിയതോടെയാണ് ബസുകളുടെ നിറമാറ്റത്തിനും നീക്കമുണ്ടായത്. അതേസമയം എസ്.ടി.എ യോഗത്തിന് മുന്നിൽ ടൂറിസ്റ്റ് ഉടമകളിൽ നിന്നടക്കം വ്യത്യസ്ത അഭിപ്രായങ്ങളാണ് ലഭിച്ചതെന്ന് ഇത് സംബന്ധിച്ച് തീരുമാനക്കുറിപ്പിൽ പറയുന്നു. ബസുമടകൾ ഒരുവിഭാഗം അനുകൂലിച്ചപ്പോൾ മറ്റൊരു വിഭാഗം എതിർത്തു. ഈ സാഹചര്യത്തിൽ ഹൈകോടതി നിർദേശം കൂടി കണക്കിലെടുത്താണ് മുൻതീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടിലേക്കെത്തിയതെന്നാണ് കുറിപ്പിലുള്ളത്.
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളും നിറം ഏകീകരണവും ഔദ്യോഗിക അജണ്ടായായാണ് എസ്.ടി.എ യോഗത്തിന്‍റെ പരിഗണനക്കെത്തിയത്. ഇരുചക്ര വാഹനങ്ങൾക്ക് നിറം മാറ്റം ബാധകമല്ല. നിലവിൽ പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറമില്ല. പലതരം വാഹനങ്ങളിൽ ‘എൽ’ ബോർഡ് വെക്കുകയോ സ്കൂളിന്റെ പേര് എഴുതുകയോ വാഹനത്തിന് മുകളിൽ പിരമിഡ് സ്വഭാവത്തിലുള്ള ബോർഡ് വെക്കുകയോ ആണ് ചെയ്യുന്നത്. റോഡിൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ തിരിച്ചറിയാൻ ഇത് പര്യാപ്തമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിലയിരുത്തൽ. അതേസമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്‍റെ പേരിൽ നടന്ന സമരത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂൾ ഉടമകൾക്കെതിരെയുള്ള നീക്കമാണിതെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. നിറംമാറ്റത്തിന് വലിയ ചെലവ് വരും. ഇത് അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് സ്കൂൾ ഉടമകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഏതാണ്ട് 32,000 പരിശീലന വാഹനങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.