കണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ധാരണ ഉണ്ടാക്കുന്നതിന് സി.പി.എം സംസ്ഥാന ഘടകത്തിന് കേന്ദ്ര കമ്മിറ്റിയുടെ അനുമതിയുണ്ടായിരുന്നുവെന്ന് മുതിർന്ന പി.ബി അംഗം പ്രകാശ് കാരാട്ട്. അതിൽ നയ വ്യതിയാനമുണ്ടായിട്ടില്ല. തൃണമൂൽ കോൺഗ്രസിനെ ഒരു ജനാധിപത്യ കക്ഷിയായി കാണുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്വീകരിച്ച അടവ് നയത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും എതിരെ മത്സരിക്കാൻ കോൺഗ്രസുമായി ധാരണയുണ്ടാക്കാനാണ് കേന്ദ്ര കമ്മിറ്റി അനുമതി നൽകിയത്. എന്നാൽ ബംഗാൾ ഘടകം ഒരുപടി കൂടി കടന്ന് അതിനെ സഖ്യമായി രൂപപ്പെടുത്തി. അത് ശരിയായിരുന്നില്ല. തമിഴ്നാട്ടിൽ കോൺഗ്രസുമായി സഖ്യമുള്ളപ്പോൾ ബംഗാളിൽ എന്താണ് തെറ്റെന്ന ചോദ്യത്തിന് അവിടെ ഡി.എം.കെയുമായാണ് സി.പി.എമ്മിന്റെ സഖ്യം. കോൺഗ്രസും ഡി.എം.കെയുമായാണ് സഖ്യത്തിലേർപെട്ടിരിക്കുന്നത്. ബിഹാറിൽ ആർ.ജെ.ഡിയുമായുള്ളതും സമാന സഖ്യമാണ്. നിലവിലെ സാഹചര്യത്തിൽ അഖിലേന്ത്യ സഖ്യങ്ങൾക്ക് ഒരു ഭാവിയുമില്ല.
പൊതുതെരഞ്ഞെടുപ്പിന് ശേഷമാവും എന്തെങ്കിലും സാധ്യത ഉണ്ടാവുക. ബി.ജെ.പിക്കെതിരെ മതേതര ശക്തികളെ അണിനിരത്താനുള്ള ശേഷി കോൺഗ്രസിന് ഇന്നില്ല. പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് സി.പി.എം ഏതെങ്കിലും നേതാവിനെയല്ല ഉത്തരവാദിയായി കാണുന്നത്. പാർട്ടിക്ക് നേട്ടവും കോട്ടവുമുണ്ടായാൽ അത് കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഫലമാണ്. മുൻ കാലങ്ങളിലും സി.പി.എം പൊതു തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം കൈവരിച്ചിട്ടില്ല. ബംഗാളിലും ത്രിപുരയിലും ശക്തി ഉണ്ടായിരുന്നപ്പോൾ അത് ജയത്തിലും എം.പിമാരുടെ എണ്ണത്തിലും പ്രതിഫലിച്ചു. ഇപ്പോൾ അതില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നശേഷം ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ചാവും തീരുമാനമെടുക്കുകയെന്നും കാരാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.