തിരുവനന്തപുരം: ശ്രീകാര്യം ചാവടിമുക്ക് ഗവ. എൻജിനീയറിങ് കോളജിനു മുന്നിലെ 'വിവാദ'ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. ഉടൻ തന്നെ പുതിയ ജെൻഡർ ന്യൂട്രൽ കാത്തിരിപ്പ് കേന്ദ്രം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പ്രഖ്യാപിച്ചു.
നിർമാണം തുടങ്ങിയാൽ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നും മേയർ വ്യക്തമാക്കി. പൊളിച്ചുമാറ്റിയ കാത്തിരിപ്പ് കേന്ദ്രം കോർപറേഷൻ ജീവനക്കാർ ലോറിയിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. കോളജിലെ വിദ്യാർഥികൾ കാത്തിരിപ്പ് കേന്ദ്രത്തിൽ ലിംഗഭേദമെന്യേ ഒന്നിച്ചിരിക്കുന്നത് തടയാൻ ബെഞ്ച് മുറിച്ച് മൂന്ന് കസേരകളാക്കി മാറ്റിയത് ഏറെ വിവാദമായിരുന്നു.
ഇതിനെതിരെ വിദ്യാർഥികൾ മടിയിലിരുന്ന് പ്രതിഷേധിച്ച്സെൽഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. അതോടെ, ഇരിപ്പിടം മുറിച്ചുമാറ്റിയവർക്കെതിരെ വിവിധ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന്, ജൂലൈ 21ന്, അനധികൃതമായി കെട്ടിയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നഗരസഭ പുതിയത് നിര്‍മിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
ഒന്നരമാസം കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പായില്ല.അതിനിടെ, പതിനായിരത്തോളം രൂപ ചെലവാക്കി പുതിയ ചുവരെഴുത്തോടെ റെസിഡന്‍റ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചു. പുതിയ കുമ്മായമടിക്കുകയും 'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം'എന്ന് രേഖപ്പെടുത്തുകയും ചെയ്തു.
എസ്.എഫ്.ഐയും കെ.എസ്‍.യുവും ഷെൽറ്ററിൽ നാട്ടിയ കൊടി മാറ്റുകയും വിദ്യാര്‍ഥികളിട്ട തടി ബെഞ്ച് നീക്കുകയും ചെയ്തു. ഒപ്പം, നഗരസഭ ഇത് പൊളിക്കുന്നെങ്കിൽ പൊളിക്കട്ടേയെന്നും ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലര്‍ന്നിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് ഇപ്പോൾ കാത്തിരിപ്പ് കേന്ദ്രം തന്നെ നീക്കം ചെയ്തുള്ള നഗരസഭയുടെ നടപടി. പൊലീസുമായി എത്തിയാണ് നഗരസഭ ഇത് പൊളിച്ചുനീക്കിയത്. പൊതുമരാമത്ത് വകുപ്പുമായി ചേർന്നാണ് കോർപറേഷൻ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതെന്ന് മേയർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.