കൊച്ചി: സംസ്ഥാന സമ്മേളനത്തിലൂടെ സംഘടനാപരമായും രാഷ്ട്രീയമായും നിർബന്ധിതമായ പരിഷ്കരണത്തിന് വിധേയമായ സി.പി.എമ്മാവും ഇനി സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുക. ചരിത്രമെഴുതിയ രണ്ടാം പിണറായി സർക്കാറിൽ ഒതുങ്ങുന്നതല്ല ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് വികസന നയങ്ങളിൽതന്നെ ഉദാര പരിഷ്കരണം നടപ്പിൽ വരുത്താൻ നേതൃത്വം ഒരുങ്ങുന്നതും.
പ്രവർത്തകരും മധ്യനിര നേതാക്കളും വർഷങ്ങളായി ആഗ്രഹിച്ചതാണ് ഈ സംസ്ഥാന സമ്മേളനത്തിലൂടെ നേതൃത്വം സാധിച്ച് നൽകിയിരിക്കുന്നത്. ഭരണത്തിലും സംഘടനയിലും കണ്ടുപതിഞ്ഞവക്ക് പകരം പുതിയ മുഖങ്ങൾ അവതരിപ്പിക്കുക മാത്രമല്ല അവസരങ്ങളുടെ വാതായനംകൂടിയാണ് സി.പി.എം തുറന്നിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടുതവണ തുടർച്ചയായി മത്സരിച്ച് വിജയിച്ച എം.എൽ.എമാരെ ഒഴിവാക്കിയത്.
ആരോപണങ്ങളുടെ മുൾമുനയിൽ നിന്ന സർക്കാറും പാർട്ടിയും എടുത്ത നിലപാടിന് പൊതുസമൂഹം വലിയതോതിലാണ് അംഗീകാരം നൽകിയത്. ഒപ്പമായിരുന്നു മഹാമാരിക്കാലത്ത് സർക്കാർ നൽകിയ സാമൂഹിക സുരക്ഷിതത്വവും വോട്ടായി മാറിയത്.
മന്ത്രിസഭാ രൂപവത്കരണത്തിലാവട്ടെ രണ്ടുതവണ മന്ത്രിമാരായവരെ മുഴുവൻ മാറ്റിനിർത്തി സർക്കാറിൽ പുതുമ കൊണ്ടുവന്നു. ഇതിന്റെ തുടർച്ചയായാണ് സംഘടനയിലും ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റിവരെ 75 വയസ്സ് എന്ന പരിധി കർശനമായി നടപ്പാക്കിയത്. പാർലമെന്ററി വ്യാമോഹം മാത്രം മുറുകെപ്പിടിച്ചവരെയും സ്ഥാനമോഹികളെയും അനിഷ്ടം വകവെക്കാതെ മാറ്റിയതോടെ പുതിയ ഒരു തലമുറക്ക് സംഘടനയിലും രാഷ്ട്രീയത്തിലും പുതിയ അവസരമാണ് ലഭിച്ചത്.
ഈ പുതു ഊർജം ഉൾക്കൊണ്ട് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് സംഘടനാപരമായും രാഷ്ട്രീയമായും തയാറെടുക്കുക എന്ന ലക്ഷ്യമാണ് അടിയന്തര നടപടിയായി സി.പി.എം സംസ്ഥാന നേതൃത്വം എടുത്തിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ ദേശീയ തലത്തിലെ ശോഷണത്തിന്റെ കുറവ് 2004ലെ 18 സീറ്റ് എന്ന നേട്ടം ആവർത്തിച്ച് ഒരുപരിധി വരെ മാറ്റുക എന്ന വെല്ലുവിളിയാണ് നേതൃത്വം ഏറ്റെടുത്തിട്ടുള്ളത്. പ്രവർത്തിക്കുന്നവരെ കാത്തിരിക്കുന്നത് അംഗീകാരമാണെന്ന് നേതൃത്വം പ്രായോഗികമായി തെളിയിച്ചതിനാൽ എണ്ണയിട്ട യന്ത്രംപോലെ സംഘടനാരൂപം ചലിക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നാണ് പ്രതീക്ഷ.
ഇതിന് കേരളത്തിലെ ഭൂരിപക്ഷം വരുന്ന മധ്യവർഗ, ഉപരി മധ്യവർഗ വോട്ടർമാരുടെ വോട്ട് കക്ഷി രാഷ്ട്രീയത്തിനും സാമുദായിക വേർതിരിവുകൾക്കും അപ്പുറം ലഭിക്കുന്നതിന് ഭരണത്തെയും സമാന്തരമായി ഉപയോഗപ്പെടുത്തുകയാണ്. ഇതിനായാണ് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരത്തോടെ വികസന നയരേഖ സി.പി.എം പൊതുസമൂഹത്തിന് മുന്നിൽ വെക്കുന്നത്.
അടിസ്ഥാന വർഗത്തിനെ സാമൂഹിക സുരക്ഷാ നടപടികളിലൂടെ ഒപ്പം നിർത്തുന്നതിനൊപ്പം ഉപരി മധ്യവർഗത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൊടുക്കുകയാണ് പരിഷ്കരണ രേഖയിലൂടെ ലക്ഷ്യം വെക്കുന്നത്. മധ്യവർഗത്തിന്റെ കണ്ണിലെ കരടായ അമിത ട്രേഡ് യൂനിയനിസത്തിന് കൂച്ചുവിലങ്ങിട്ട്, വ്യവസായ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പി.പി.പി മോഡലും സ്വകാര്യ നിക്ഷേപവും ആകർഷിക്കുക എന്നത് വലത്പക്ഷത്തിനും അത്ര എളുപ്പം തുറന്ന് എതിർക്കാൻ ആവില്ലെന്നും സി.പി.എം തിരിച്ചറിയുന്നു. അവ്യക്തതയില്ലാതെ നിലപാട് തുറന്നുപറഞ്ഞാൽ എതിർപ്പുകൾ അവസാനിക്കുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.