കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന സി.പി.ഐ നിലപാട്​ സ്വീകാര്യം -കെ.സി. വേണുഗോപാൽ

ആലപ്പുഴ: കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന സി.പി.ഐ നിലപാട്​ സ്വീകാര്യമാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യം നേരിടുന്ന യഥാർഥ അപകടം തിരിച്ചറിയുന്ന നിലപാടാണിത്​. എന്നാൽ, സി.പി.എം ലൈൻ രണ്ടാണ്​. പിണറായി വിജയന്‍റെ ഒന്നാം നമ്പർ ശത്രു കോൺഗ്രസ് മാത്രമാണ്​. സി.പി.ഐയുടെ ദേശീയനിലപാടിൽനിന്നാണ് കാനം രാജേന്ദ്രനും ബിനോയ് വിശ്വവും സംസാരിച്ചതെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

സി.പി.എമ്മിന്‍റെ ബംഗാൾ ലൈനും കേരള ലൈനും വെവ്വേറെയാണ്. കേരളത്തിൽ സി.പി.എമ്മുമായി പോരാട്ടത്തിൽതന്നെയാണ് കോൺഗ്രസ്. ഇത് ശക്തമായി തുടരും. കണ്ണൂർ സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറും ഗവർണറും ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രോ വി.സി കൊടുത്ത കത്തനുസരിച്ച് വി.സിയെ നിയമിച്ച ഗവർണർക്ക് എന്ത് ധാർമികതയാണുള്ളത്. ഭരണഘടന ദൗത്യം നിർവഹിക്കുന്നതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു. ബി.ജെ.പി നേതാക്കൾ ഗവർണറോടാണ് വിശദീകരണം ചോദിക്കേണ്ടത്. പ്രതിപക്ഷ നേതാവിനുമേൽ കുതിരകയറുകയല്ല വേണ്ടത്.

ബി.ജെ.പിയെ ഒന്നാംനമ്പർ ശത്രുവായി കാണുന്ന പാർട്ടിയാണ്​ കോൺഗ്രസ്​. ബി.ജെ.പിക്ക്​ കുടപിടിക്കുന്ന സി.പി.എമ്മും കോൺഗ്രസിന്‍റെ ശത്രുവാണ്​. നരേന്ദ്ര മോദിയുടെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയെ എതിർത്ത്​ പ്രമേയം പാസാക്കിയ സി.പി.എം പി.ബി, കെ-റെയിലുമായി മു​ന്നോട്ടുപോകുന്ന പിണറായി വിജയനോട്​ വിശദീകരണം ചോദിക്കണം. കെ-റെയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയേക്കാൾ കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The CPI's stand that the Congress should be strengthened is acceptable - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.