ആലപ്പുഴയിലെ പരസ്യ പ്രതിഷേധ പ്രകടനം വിജയത്തിളക്കത്തിന്‍റെ ശോഭ കെടുത്തിയെന്ന് സി.പി.എം വിലയിരുത്തൽ

ആലപ്പുഴ: നഗരസഭാ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തർക്കത്തിനൊടുവിൽ തെരുവിൽ പരസ്യമായി നടന്ന പ്രതിഷേധ പ്രകടനം സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചു. ചെയർപേഴ്സണെ തെരെഞ്ഞെടുത്തതിൽ ഏകാഭിപ്രായമാണെന്ന് നേതാക്കൾ ആവർത്തിക്കുേമ്പാഴും കഴിഞ്ഞ നാളുകളിൽ രൂപംകൊണ്ട വിഭാഗീയതയുടെ ഭാഗമാണിതെന്ന വ്യക്തമായ ബോധ്യം പാർട്ടികേന്ദ്രങ്ങൾക്കുണ്ട്.

ചേർത്തലയിൽ ഷെർളി ഭാർഗവനേയും കായംകുളത്ത് പി. ശശികലയേയും അധ്യക്ഷമാരായി നിശ്ചയിച്ചപ്പോഴും ആലപ്പുഴയിൽ തീരുമാനമായില്ല. ഞായറാഴ്ച തിരുവമ്പാടിയിലെ ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന മാരത്തോൺ ചർച്ചയിൽ തീരുമാനമാകാതെ പോവുകയായിരുന്നു.

സൗമ്യരാജിനെ നിയുക്ത നഗരസഭ അധ്യക്ഷയെന്ന് വിശേഷിപ്പിച്ച് കൊണ്ട് ആലപ്പുഴ കേന്ദ്രമാക്കിയുള്ള നിരവധി ഫേസ്​ബുക്ക് ഗ്രൂപ്പുകളിൽ ഞായറാഴ്ച രാവിലെ മുതൽ തുടർച്ചയായി പോസ്റ്റുകൾ വന്നുകൊണ്ടിരുന്നുവെങ്കിലും ഇതിനെതിരെ പാർട്ടി കേന്ദ്രങ്ങളിൽനിന്നും യാതൊരു തരത്തിലുമുള്ള നിഷേധം വന്നിരുന്നില്ല.

പാർട്ടി കേന്ദ്രങ്ങൾ ഒൗദ്യോഗികമായി പേര് പറയാത്തിടത്തോളം ഉദ്വോഗജനകമായ അവസ്ഥ നിലനിൽക്കുകയായിരുന്നു. അവസാന നിമിഷം ജയമ്മയെ തന്നെ ചെയർപേഴ്സൺ ആക്കുമെന്ന വിശ്വാസം ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്നു. അത് സംഭവിക്കാതിരുന്നതോടെയാണ് ജയമ്മയുടെ നെഹ്റുട്രോഫി വാർഡിൽ നിന്നുള്ള പ്രവർത്തകർ കൂട്ടമായി പ്രകടനം നടത്തിയത്.

നെഹ്റുട്രോഫി ലോക്കൽ കമ്മിറ്റിയിലെ 97 അംഗങ്ങളിൽ 11 പേർ പ്രകടനത്തിൽ പങ്കെടുത്തതായാണ് പാർട്ടി കണ്ടെത്തിയത്. ചാനലുകളിൽ വന്ന വീഡിയോ പരിശോധിച്ച് കൂടുതൽ പേരുണ്ടോയെന്ന് കണ്ടെത്തുവാനും പ്രതിഷേധത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ച് അച്ചടക്ക സമിതി അന്വേഷണവും നടത്തും.

ആലപ്പുഴയിലുണ്ടായിരുന്ന മന്ത്രി ജി. സുധാകരനും ജില്ല സെക്രട്ടറി ആർ. നാസറും പ്രതിഷേധക്കാരെ പരസ്യമായി തള്ളിക്കളഞ്ഞു. പ്രതിഷേധം വിജയത്തിളക്കത്തിെൻറ ശോഭ കെടുത്തിയെന്ന് പ്രതികരിച്ച സി.പി.എം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.പി. ചിത്തരഞ്​ജന്‍റെ ആദ്യപ്രതികരണം തന്നെയാണ് പാർട്ടിയുടെ പൊതുവെയുള്ള വിലയിരുത്തൽ.

രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായി പ്രകടനക്കാർ മാറിയെന്ന അഭിപ്രായപ്പെട്ട ചിത്തരഞ്ജൻ, മാറിയ രാഷ്​ട്രീയ സാഹചര്യത്തിൽ യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകി തിരുവനന്തപുരത്ത് 21കാരിയെ മേയറാക്കിയത് ഉദാഹരിക്കുവാനും മറന്നില്ല. അതേസമയം ആലപ്പുഴയിൽ സമാനമായി ആശ്രമം വാർഡിൽ നിന്നും വിജയിച്ച സി.പി.എമ്മിലെ ഗോപികാ വിജയപ്രസാദ് എന്ന 22കാരിയെ എന്ത് കൊണ്ട് ചെയർപേഴ്സൺ ആക്കിയില്ലെന്ന ചോദ്യം പാർട്ടിക്കുള്ളിൽനിന്ന് തന്നെ ഉയരുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി നിലപാടിന് വിരുദ്ധമായി സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിക്കുന്നയാളെ ചെയർപേഴ്സണാക്കിയെന്ന വിമർശനം വേറെയുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.