ഭയപ്പെടുത്തി വീട്ടിലിരിത്താമെന്നു കരുതേണ്ട, കൊലപാതകം കെ. സുധാകര​ന്‍റെ ​തലയിൽ കെട്ടിവെക്കരുത് -പ്രതിപക്ഷ നേതാവ്

കോൺഗ്രസോ യു.ഡി.എഫോ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളജില്‍ നടന്ന കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസോ യു.ഡി.എഫോ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ല. കാലങ്ങളായി കാമ്പസുകളില്‍ വ്യാപകമായി അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടന്ന സംഭവം ഏതെങ്കിലും ഗൂഢാലോചനയുടെ പുറത്തോ പാര്‍ട്ടി നേതാക്കളുടെ അറിവോടെയോ അല്ലെന്നത് എല്ലാവര്‍ക്കും അറിയാം.

പുതിയ കെ.പി.സി.സി പ്രസിഡന്‍റ് വന്നതു കൊണ്ടാണ് കൊലപാതകമുണ്ടായതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം കെ. സുധാകര​ന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ നടത്തുന്നത് വച്ചുപൊറുപ്പിക്കാനാകില്ല.

ഇടുക്കി കൊലപാതകത്തിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കോളജിലെ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 11 കെ.എസ്.യു പ്രവര്‍ത്തകരാണ് ഗുരുതരമായി ആക്രമിക്കപ്പെട്ടത്. കേരളത്തിലെ കാമ്പസുകളില്‍ വ്യാപകമായ അക്രമണമാണ് എസ്.എഫ്.ഐ നടത്തുന്നത്. കെ.എസ്.യു ആയതുകൊണ്ട് മാത്രം നിരവധി കുട്ടികള്‍ക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കാമ്പസുകളിലെ അക്രമം അവസാനിപ്പിക്കാന്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങണം.

കൊലപാതകങ്ങളെ കോണ്‍ഗ്രസ് ഒരു തരത്തിലും ന്യായീകരിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രിമിനല്‍ ശൈലി സ്വീകരിക്കുന്നവരല്ല. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവുമധികം പ്രതികളായിട്ടുള്ളത് സി.പി.എം പ്രവര്‍ത്തകരും നേതാക്കളുമാണ്.

കൊല്ലാനും വെട്ടാനും പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിശീലനം കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. തീവ്രവാദ സംഘടനകളേക്കാള്‍ ആസൂത്രിതമായാണ് അവരുടെ പ്രവര്‍ത്തനം. വാടക ഗുണ്ടകളെ ഉപയോഗിക്കുക, ആയുധവും വാഹനവും നല്‍കുക, രക്ഷപ്പെടാന്‍ വഴിയൊരുക്കുക, പ്രതികള്‍ക്ക് അഭയം നല്‍കാന്‍ ഏരിയാ കമ്മറ്റികളെ നിയോഗിക്കുക, കൊലപാതകത്തില്‍ പങ്കെടുക്കാത്തവരെ പ്രതികളാക്കി പ്രത്യുപകാരമായി ബന്ധുക്കള്‍ക്ക് ജോലി നല്‍കുക; ഇതൊക്കെയാണ് സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നത്.

യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്തി​ന്‍റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍ മെക്കിട്ടു കയറിയിട്ടു കാര്യമില്ല. രാഷ്ട്രീയ കൊലക്കേസ് പ്രതികളെ ജയിലില്‍ കാണാന്‍ പോകുന്നയാളാണ് കൊടിയേരി ബാലകൃഷ്ണന്‍. അവരുടെ കുടുംബത്തില്‍പ്പെട്ടവരെ സഹായിക്കുന്നതും സി.പി.എമ്മാണ്.

കാസര്‍കോട് ജില്ലാ ആശുപത്രിയിലെ നിയമനത്തിന് പെരിയ കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യയ്ക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യയ്ക്ക് മൂന്നാം റാങ്കും നല്‍കിയത് ഈ സര്‍ക്കാരാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുടപിടിക്കുന്നതും സി.പി.എമ്മാണ്. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതു കൊണ്ടാണ് പൈനാവില്‍ കൊലപാതകം നടന്നതെന്നു പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്? കാമ്പസുകളിലെ അതിക്രമം അവസാനിപ്പിക്കാന്‍ സി.പി.എമ്മാണ് അവരുടെ വിദ്യാര്‍ഥി സംഘടനയോട് ആദ്യം പറയേണ്ടത്.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് പൈനാവില്‍ ആക്രമണം നടന്നത്. നൂറുപേര്‍ ചേര്‍ന്ന് ഏഴു പേരെ ആക്രമിക്കുകയായിരുന്നു. ഇതിനിടയ്ക്ക് കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് തയാറായില്ലെന്ന ആരോപണവും അന്വേഷിക്കണം.

ഒരു രാഷ്ട്രീയ കൊലപാതകവും നടക്കരുതെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കൊലപാതകത്തി​ന്‍റെ പേരില്‍ നിരപരാധികളെ പൊലീസ് അറസ്റ്റു ചെയ്യുന്നത് അംഗീകരിക്കാനാകില്ല. എസ്.എഫ്.ഐക്കാർ ആക്രമിക്കുമെന്നു പറഞ്ഞതിനെ തുടന്ന് കോളജില്‍നിന്നും മാറി നിന്ന വിദ്യാര്‍ഥിയെയും കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തു.

പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ടാകും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി ഇടുക്കി ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. എസ്.ഡി.പി.ഐ സി.പി.എമ്മുകാരെ കൊലപ്പെടുത്തിയിട്ട് കേരളത്തില്‍ ഇതുപോലെ ഒരു ബഹളവും ഉണ്ടായില്ലല്ലോ. എന്‍.കെ. പ്രേമചന്ദ്രനെതിരെ ആക്രമണം നടത്തിയത് എന്തിനാണ്. അങ്ങനെ ഭയപ്പെടുത്തി വീട്ടിലിരിത്താമെന്നു കരുതേണ്ട -വി.ഡി. സതീശൻ പറഞ്ഞു.

'ആകസ്മികമായി സംഭവിച്ചം ദുരന്തം'

ഇടുക്കിയിലെ വിദ്യാർത്ഥി ധീരജി​ന്‍റെ കൊലപാതകം നിർഭാഗ്യകരമാണെന്ന് മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ആകസ്മികമായി സംഭവിച്ച ഒരു ദുരന്തമാണിത്. ഒറ്റപ്പെട്ട ഈ സംഭവത്തി​ന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടാനുമുള്ള സി.പി.എം ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴി തെളിക്കും .

ഇതി​ന്‍റെ പേരിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ കടന്നാക്രമിക്കാൻ സി.പി.എം നടത്തുന്ന നീക്കം ദുഷ്ടലാക്കോടെയാണെന്നും സുധാകരനെ ഒറ്റപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ് അനുവദിക്കില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.

Tags:    
News Summary - The CPM is using the opportunity given to it- Opposition Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.