വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സിലറെ സി.പി.എം പുറത്താക്കിയേക്കും

പെരുമ്പാവൂര്‍: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെ സി.പി.എം നേതൃത്വം നടപടിയിലേക്ക് നീങ്ങുന്നു. നഗരസഭ 23ാം വാര്‍ഡ് കൗണ്‍സിലറും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്. അഭിലാഷിനെതിരെ നടപടിയെടുക്കണമെന്ന ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ ശിപാര്‍ശ ചൊവ്വാഴ്ച ചേര്‍ന്ന ഏരിയ കമ്മിറ്റി അംഗീകരിച്ചെന്നാണ് വിവരം.

ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ലോക്കല്‍ കമ്മിറ്റി അഭിപ്രായം എതിര്‍പ്പില്ലാതെ ഏരിയ കമ്മിറ്റി അംഗീകരിച്ചു. വിഷയം തുടര്‍ നടപടിക്കായി ജില്ല കമ്മിറ്റിക്ക് വിട്ടു. ജില്ല കമ്മിറ്റി കീഴ്ഘടകങ്ങളുടെ തീരുമാനത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. കുറ്റക്കാരെ സംരക്ഷിക്കേണ്ടതില്ലെന്ന സമീപനമാണ് ഇക്കാര്യത്തില്‍ ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും സ്വീകരിച്ചത്. അഭിലാഷിന്റെ മാതാവിന്റെ പേരിലുള്ള പെരുമ്പാവൂര്‍ കടുവാളിലെ സ്ഥലത്തിന് വീട്ടമ്മ 2018ല്‍ 50,000 രൂപ അഡ്വാന്‍സ് കൊടുത്തിരുന്നു.

വീട്ടമ്മക്ക് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങി. അഡ്വാന്‍സ് തരിച്ചുകൊടുക്കാമെന്ന് അഭിലാഷ് ഏറ്റിരുന്നു. പല അവധികള്‍ക്ക് ശേഷം കഴിഞ്ഞ രണ്ടിന് രാത്രി വീട്ടമ്മ പണം വാങ്ങാന്‍ അഭിലാഷിന്റെ വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, അറസ്റ്റുണ്ടായില്ല. പാര്‍ട്ടി സംരക്ഷിക്കുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വൈകുന്നതെന്ന് ആരോപണമുയര്‍ന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണക്കാരായ പാര്‍ട്ടിയുടെ പെരുമ്പാവൂരിലെ ഉന്നതര്‍ക്കെതിരെ നടപടിയെടുത്ത് ഗ്ലാമറില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ആരോപണം തിരിച്ചടിയായി. തുടര്‍ന്ന് പാര്‍ട്ടി അടിയന്തര നടപടികളിലേക്ക് നീങ്ങിയെന്നാണ് സൂചന.

ഇതിനിടെ കോണ്‍ഗ്രസ് ബുധനാഴ്ച നടത്താനിരുന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് മാറ്റി. പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തി മുതിര്‍ന്നവര്‍ മാറുകയായിരുന്നു. അഭിലാഷുമായി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കുള്ള ബന്ധമാണ് പ്രതിഷേധം വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന അഭിലാഷിന് ജാമ്യം ലഭിച്ചാല്‍ പ്രതിഷേധത്തില്‍നിന്ന് തലയൂരാമെന്ന തന്ത്രവും ഇതിന് പിന്നിലുള്ളതായി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Tags:    
News Summary - The CPM may fire the councillor who misbehaved with the housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.