വിസ്മയ കേസിൽ കിരൺ കുമാറിനെതിരായ നിർണായക തെളിവുകൾ കണ്ടെത്തിയത് ഫോണിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ കുടുക്കിയത് ഫോൺ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെളിവുകളും കിരണിന്റെ ഫോണിൽ ഉണ്ടായിരുന്നു. സാങ്കേതിക പരിശോധനയിലൂടെയാണ് വിവരങ്ങൾ കണ്ടെത്തിയതെന്നും ഡിവൈ.എസ്. പി  പി.രാജ്‌കുമാർ മീഡിയ വണ്ണിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകൾ ശേഖരിച്ചു. കേസില്‍ സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി.

വിസ്മയ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ കൊല്ലം ഒന്നാം അഡീഷനണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്‍റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്.

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. 42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 120 രേഖകളിൽനിന്നും 12 മുതലുകളിൽനിന്നും കുറ്റകൃത്യങ്ങൾ പൂർണമായി തെളിഞ്ഞതായി വാദിച്ചിട്ടുണ്ട്.

2021 ജൂൺ 21നാണ് നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ ഭർത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് ഭർത്താവ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The crucial evidence against Kiran Kumar in the Vismaya case was found over the phone Said investigating officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.