ആനക്കര: പാകിസ്താൻ ജയിലിൽ മരിച്ച കപ്പൂർ സ്വദേശി കപ്പൂർ ചിറയത്ത് വളപ്പിൽ സുൽഫിക്കറിന്റെ (48) മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പഞ്ചാബ് അതിർത്തിയിൽ സംസ്കരിക്കും. അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാകിസ്താൻ ജയിലിൽ കഴിയവേയാണ് സുൽഫിക്കർ മരിച്ചത്. തിങ്കളാഴ്ച എ.ഡി.എം മണികണ്ഠന്റെ നിർദേശപ്രകാരം കപ്പൂർ വില്ലേജ് ഓഫിസർ സുൽഫിക്കറിന്റെ വീട് സന്ദർശിച്ച് വിശദാംശങ്ങൾ ആരാഞ്ഞു. തുടർന്ന് സുൽഫിക്കറിന്റെ യു.എ.ഇയിൽ കഴിയുന്ന സഹോദരൻ മുഹമ്മദ് കുട്ടി അതിർത്തിയിലെത്തി മൃതദേഹം കണ്ടതിന് ശേഷം അവിടെ തന്നെ സംസ്കാരം നടത്താമെന്ന് ഫോണിലൂടെ അധികൃതരെ അറിയിക്കുകയായിരുന്നു.
കപ്പൂർ മാരായംകുന്നിലെ വീട്ടിൽ സുല്‍ഫിക്കറിന്റെ പിതാവ് അബ്ദുൽ ഹമീദ് ഹാജി മാത്രമാണുള്ളത്. 80 വയസ്സ് പിന്നിട്ട ഹമീദിന് പഞ്ചാബ് വരെ യാത്ര ചെയ്യാനാവില്ല. അതിനാലാണ് സഹോദരൻ എത്താമെന്നറിയിച്ചത്. താന്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന പ്രചാരണങ്ങളും മകന് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായ ആരോപങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഹമീദ് പറഞ്ഞു.
ഖത്തറില്‍നിന്ന് 2018ലാണ് സുൽഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയത്. ഏറെ നാളായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍, പിന്നീട് സുൽഫിക്കറിനെ കുറിച്ച് വീട്ടുകാര്‍ക്ക് വിവരമില്ലായിരുന്നു. എൻ.ഐ.എയും ഭീകര വിരുദ്ധ സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ഐ.എസുമായി ബന്ധമുള്ളതായി കണ്ടെത്തിയെന്നാണ് വിവരം. ഇയാൾ അബൂദബിയിൽ എത്തിയതായി സൂചന ലഭിച്ചിരുന്നെങ്കിലും വർഷങ്ങളായി ഒരു വിവരവും അന്വേഷണ ഏജൻസികൾക്ക് ഉണ്ടായിരുന്നില്ല. ഭാര്യയും രണ്ട് മക്കളും സുൽഫിക്കറിൽനിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സുൽഫിക്കറിന്റെ മരണം സംബന്ധിച്ച വിവരം പാകിസ്താൻ പൊലീസിൽനിന്ന് ഇന്ത്യക്ക് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ജില്ല ഭരണകൂടം വിഷയത്തിൽ ഇടപെട്ട് കുടുംബവുമായി സംസാരിച്ചത്. കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചത് ജില്ല ഭരണകൂടം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.