തൊടുപുഴ: തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകന്റെ മർദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസുകാരന്‍റെ പിതാവിന്‍റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
2019 ഏപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിക്കുന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ പിതാവിന്‍റെ മരണവും ചർച്ചയാകുന്നത്. കുട്ടി കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പായിരുന്നു പിതാവിന്‍റെ മരണം. പിന്നാലെ ബന്ധുകൂടിയായ സുഹൃത്തിനൊപ്പം കുട്ടിയുടെ അമ്മ താമസം ആരംഭിക്കുകയായിരുന്നു.
കുട്ടിയുടെ വല്യച്ചൻ നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഇടുക്കി യൂനിറ്റ് അന്വേഷണം നടത്തിയത്. ഏഴ് വയസുകാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സഹോദരനായ നാല് വയസുകാരൻ ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് കണ്ടെത്തുന്നത്.
കേസിൽ പ്രതിയായ അമ്മയുടെ ആൺ സുഹൃത്തിന് കോടതി 21 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുട്ടികളുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ അമ്മയെ നുണപരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.