അങ്കമാലി: അർബൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് കുടുംബമൊന്നാകെ സംഘം ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് അയ്യമ്പുഴ സ്വദേശി അഗസ്റ്റിനും കുടുംബാംഗങ്ങളും കയറുകളുമായെത്തി കൂട്ട ആത്മഹത്യക്കൊരുങ്ങിയത്.
മക്കളുടെ പഠനവും ഭാവിയും ലക്ഷ്യമാക്കി ആകെയുള്ള ഒമ്പതുലക്ഷത്തോളം രൂപയാണ് സംഘത്തിൽ നിക്ഷേപിച്ചിരുന്നത്. പല കാലാവധികൾ പറഞ്ഞെങ്കിലും പണം കിട്ടിയില്ല. മാർച്ച് മാസത്തിനുള്ളിൽ നിക്ഷേപം തിരിച്ചുനൽകാമെന്ന് ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും സമീപിച്ചപ്പോൾ അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു.
പണം തിരിച്ചുകിട്ടാൻ സാധ്യത മങ്ങുകയും ചെയ്തതോടെയാണ് അഗസ്റ്റിനും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും ആത്മഹത്യ ശ്രമവുമായി സംഘത്തിലെത്തിയത്. കുടുംബാംഗങ്ങളും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റവും ബഹളവും കേട്ട് അർബൻ സഹകരണ സംഘം നിക്ഷേപ സംരക്ഷണ സമിതി ഭാരവാഹികളും മറ്റും എത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്.
അങ്കമാലി: നിക്ഷേപം തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് കുടുംബം ആത്മഹത്യക്കെത്തിയ സംഭവത്തെതുടർന്ന് അങ്കമാലി അർബൻ സഹകരണ സംഘത്തിനെതിരായ സമരം ശക്തമാക്കാൻ അർബൻ സഹകരണ സംഘം നിക്ഷേപ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. തോമസിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു.
ആദ്യഘട്ടമെന്നോണം ഭരണസമിതി അംഗങ്ങളുടെയും മുൻ പ്രസിഡന്റിന്റെയും വീട്ടുപടിക്കൽ കുത്തിയിരിപ്പ് സമരം നടത്തും. സംഘത്തിന് മുന്നിൽ സർവകക്ഷിയോഗം സംഘടിപ്പിക്കാനും നിക്ഷേപകർക്ക് പണം തിരിച്ചു നൽകുന്നതുവരെ റിലേ നിരാഹാരസമരം നടത്താനും തീരുമാനിച്ചു. 70 കോടിയുടെ വെട്ടിപ്പാണ് സംഘത്തിൽ അരങ്ങേറിയത്. നീതിക്കുവേണ്ടി കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
സംഘം പ്രസിഡന്റിന്റെ മരണത്തോടെ സംഘത്തിന്റെ സ്വത്തുക്കൾ ചിലർ വിനിമയം നടത്തുകയാണെന്നും അവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും പി.എ. തോമസ് ആവശ്യപ്പെട്ടു. സമിതി വൈസ് പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ, സെക്രട്ടറി യോഹന്നാൻ കൂരൻ, ട്രഷറർ എം.പി. മാർട്ടിൻ, വി.ഡി. പൗലോസ്, കെ.വി. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.