തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിന് എതിരായ സമരവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും വികാരി ജനറർ ഫാ. യൂജിൻ പെരേരയുമായി നടത്തിയ അനൗപചാരിക ചർച്ച പരിഹാരമാകാതെ പിരിഞ്ഞു. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന മുൻ നിലപാട് മുഖ്യമന്ത്രി ഇരുവരോടും ആവർത്തിച്ചു.
സമരസമിതിയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും സുപ്രധാന ആവശ്യമാണ് തുറമുഖ നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തുക എന്നത്. എന്നാൽ തുറമുഖ നിർമാണം തുടരുന്നതിനൊപ്പം ആഘാതപഠനം നടത്തുന്നതിൽ വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമാണത്തിന്റെ ആഘാതങ്ങളെക്കുറിച്ച് ദേശീയ ഹരിത ൈട്രബ്യൂണലിന്റെ നിർദേശപ്രകാരം ദേശീയ സമുദ്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ആർച്ച് ബിഷപ്പും വികാരി ജനറലും മുഖ്യമന്ത്രിയോട് പറഞ്ഞു.
ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന രേഖകളും മുഖ്യമന്ത്രിക്ക് അവർ കൈമാറി. തുറമുഖവിരുദ്ധ സമരത്തിൽ പുറത്ത് നിന്നുള്ളവരുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമായെന്നും സഭാഅധികാരികൾ പറഞ്ഞു. സമരമുഖത്ത് ഇപ്പോൾ ജനങ്ങളാണുള്ളത്. തുറമുഖ നിർമാണം കാരണം നഷ്ടങ്ങൾ നേരിട്ട് അനുഭവിക്കുന്നവരാണവർ. നേരേത്ത പറഞതിൽനിന്ന് വ്യത്യസ്തമായി കരയും കടൽത്തീരവും നിർമാണം പുരോഗമിക്കുന്നത് അനുസരിച്ച് നഷ്ടമാവുന്നുവെന്നും അവർ മുഖ്യമന്ത്രിയോട് പറഞ്ഞു. എല്ലാം കേട്ടശേഷം പ്രശ്നത്തിൽ മന്ത്രിതല ചർച്ചകൾ തുടരാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. അതിരൂപത അധികൃതരും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ടാണ് അനൗപചാരികമായി വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വൈകീട്ട് കൂടിക്കാഴ്ച നടത്തിയത്.
സമരത്തിൽ പുറത്ത് നിന്നുള്ളവരെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ കടമെടുത്ത എൽ.ഡി.എഫ് കൺവീനറെ വകവെക്കാതെ വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിന് എതിരായ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം പത്താംദിനവും പൂർണമായിരുന്നു. സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി.
വെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നീ ഇടവകകളിൽ നിന്നുള്ളവരാണ് വ്യാഴാഴ്ച ഉപരോധത്തിൽ പങ്കെടുത്തത്. തുറമുഖ കവാടമായ മുല്ലൂരിൽ പൊലീസിന്റെ രണ്ട് ബാരിക്കേഡുകൾ മറിച്ചിട്ട പ്രതിഷേധക്കാർ പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ച് കൊടി നാട്ടി. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് ധീവരസഭാ നേതാവ് വി. ദിനകരൻ വെള്ളിയാഴ്ച സമരവേദിയിലെത്തും. വരും ദിവസം തന്നെ മുസ്ലിം ലീഗ് നേതാക്കളും ഐക്യദാർഢ്യം അറിയിച്ച് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.