രണ്ട് വർഷം മുമ്പ് ആടിയ പൊറാട്ടുനാടകം വീണ്ടും അവതരിപ്പിക്കുന്നു; സ്വപ്നയുടെ ആരോപണങ്ങ​ളെ വിമർശിച്ച് കോടിയേരിയുടെ ലേഖനം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സംബന്ധിച്ച് സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി വിമർശനം ഉന്നയിച്ചത്. ഒന്നോ രണ്ടോ വർഷം മുമ്പ് ആടിയ പൊറാട്ട്നാടകം വീണ്ടും അവതരിപ്പിക്കുകയാണ്. ജനങ്ങൾ തള്ളിയ പെരുംനുണ വീണ്ടും എഴുന്നള്ളിക്കുന്നവരെ നാട് ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ലേഖനത്തിൽ കോടിയേരി പറയുന്നു.

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എൽഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയോക്തിയായി അവതരിപ്പിക്കുകയാണ് പല കേന്ദ്രങ്ങളും. എന്നിട്ട് അതിന്റെ തുടർച്ചയായി എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരമാക്കാൻ അധാർമിക മാർഗങ്ങൾ പ്രതിപക്ഷത്തെ ചില കക്ഷികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടാൻ കരുനീക്കുകയും ചെയ്യുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.

സംസ്ഥാനത്ത് ഏത് കാലാവസ്ഥയിലും യു.ഡി.എഫിന് ജയിക്കാൻ കഴിയുന്ന ചില നിയമസഭാ മണ്ഡലങ്ങളുണ്ട്. അവയുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും ആ സ്വാധീനം ഇപ്പോഴും നിലനിർത്തുന്ന ഒരിടമാണ് തൃക്കാക്കര. അതുകൊണ്ട് സിറ്റിങ്‌ എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഭാര്യ മത്സരിച്ച സീറ്റ് കോൺഗ്രസ് നിലനിർത്തിയതും നല്ല ഭൂരിപക്ഷം നേടിയതും മഹാത്ഭുതമായി ചിത്രീകരിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - The drama that was played two years ago is being performed again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.