തിരുവനന്തപുരം: പൊലീസ് സഹായത്തോടെ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള മോട്ടോർ വാഹനവകുപ്പിന്റെ ശ്രമവും ഫലം കണ്ടില്ല. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും ടെസ്റ്റ് മുടങ്ങി. അപേക്ഷകരെത്തിയാൽ പൊലീസ് സഹായത്തോടെ ടെസ്റ്റ് നടത്താനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിലാണ് സാധാരണ ടെസ്റ്റ് നടത്തുന്നത്. എന്നാൽ, ഇവർ ബഹിഷ്കരണ സമരം കടുപ്പിച്ചതോടെ ടെസ്റ്റ് ഗ്രൗണ്ടിൽ ഒരു വാഹനം പോലുമിറക്കിയില്ല. സ്വന്തം വാഹനവുമായി വരുന്നവർക്ക് ടെസ്റ്റിന് സൗകര്യമൊരുക്കാൻ നിർദേശമുണ്ടായെങ്കിലും ആരും എത്തിയതുമില്ല.
തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നത്. പുതിയ നിർദേശപ്രകാരം പ്രതിദിനം 30 പുതിയ അപേക്ഷകരെയടക്കം 40 പേരെയാണ് ടെസ്റ്റിനായി പരിഗണിക്കുക. പുതിയ അപേക്ഷകൾ മാത്രമെടുത്താൽതന്നെ സംസ്ഥാനത്തെ 86 ഓഫിസുകളിലായി പ്രതിദിനം 2580 ടെസ്റ്റുകളാണ് നടക്കേണ്ടത്. എന്നാൽ, നാലു ദിവസത്തെ സമരം കാരണം മുടങ്ങിയത് 10,320 ടെസ്റ്റുകളാണ്. ഇവരെ ഇനി എന്ന് പരിഗണിക്കുമെന്നതിൽ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല. പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണേണ്ട മന്ത്രിയാകട്ടെ വിദേശ യാത്രയിലും. മുഖ്യമന്ത്രിയും സ്ഥലത്തില്ല.
വിവാദ സർക്കുലർ പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡ്രൈവിങ് സ്കൂൾ സംഘടനകൾ. ടെസ്റ്റുകളുടെ എണ്ണം 40 ആയി കുറച്ചതിലും ഇവർക്ക് അതൃപ്തിയുണ്ട്. ഇക്കാര്യങ്ങൾ പരിഹരിച്ചാകും ഒത്തുതീർത്ത് ഉത്തരവിറങ്ങുകയെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കർശനമാക്കിയുള്ള നിർദേശങ്ങളാണ് സർക്കുലറിലുള്ളത്.
ഡ്രൈവിങ് ടെസ്റ്റിന് സ്വന്തം വാഹനമാകാം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനം ഉപയോഗിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണിത്. നിലവിലെ നിയമപ്രകാരം വാഹന ഉടമക്ക് സ്വന്തം വാഹനം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. വാഹനത്തിന്റെ രേഖകള്‍ കൈവശം ഉണ്ടാകണം. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.