തിരുവനന്തപുരം: അറിവിൻ പുലരിയിലേക്ക് കുരുന്നുകളെ ക്ഷണിച്ച് തയാറാക്കിയ ഈ അധ്യയനവർഷത്തെ പ്രവേശനോത്സവഗീതം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ജൂൺ ഒന്നിന് നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിൽ പുതുതായി സ്കൂളുകളിലെത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്ത് ഗീതം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണ വെർച്വൽ പ്രവേശനോത്സവമാണെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് ഗീതം ഒരുക്കിയിരിക്കുന്നത്. 'പുതിയൊരു സൂര്യനുദിച്ചേ, വീണ്ടും പുത്തൻ പുലരി പിറക്കുന്നേ' എന്ന് തുടങ്ങുന്ന വരികൾ ഒരുക്കിയിരിക്കുന്നത് കവി മുരുകൻ കാട്ടാക്കടയാണ്.
തുടർച്ചയായി അഞ്ചാം വർഷമാണ് അദ്ദേഹം പ്രവേശനോത്സവഗീതം രചിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകനായ രമേശ് നാരായണനാണ്. സ്റ്റീഫൻ ദേവസിയുടേതാണ് ഓർക്കസ്ട്രേഷൻ. സംസ്ഥാന അവാർഡ് ജേതാവായ ഗായിക മധുശ്രീ നാരായണനും സ്കൂൾ കുട്ടികളും ചേർന്നാണ് ഗാനാലാപനം. സമഗ്ര ശിക്ഷ കേരളമാണ് ഗീതത്തിെൻറ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.