പ്രാപ്തനല്ലെന്ന് തെളിയിച്ച വനം മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം -വി.ഡി. സതീശൻ

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം വകുപ്പ് മന്ത്രിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കക്ഷി നേതാവായതിനാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണം. പമ്പാവാലിയിലെയും ഏഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളും കുടുംബങ്ങള്‍ എവിടെ പോകും? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ നല്‍കിയിരിക്കുന്ന മൂന്ന് ഭൂപടങ്ങളും ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടും അബദ്ധ പഞ്ചാംഗങ്ങളാണ്.

സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീം കോടതി വിധി വന്ന ജൂണ്‍ മൂന്ന് മുതല്‍ ഇന്നുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഷയം പഠിക്കാതെ വനം വകുപ്പ് സ്വീകരിച്ച ഓരോ നടപടികളും ജനതാല്‍പര്യത്തിന് വിരുദ്ധമാണ്.

74 വര്‍ഷമായി സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയില്‍ വനഭൂമിയെന്ന ബോര്‍ഡ് വച്ചാല്‍ അത് കാട്ടില്‍ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യും? ആ പാവങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും യു.ഡി.എഫും ഉണ്ടാകും. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

യുവസംവിധായിക നയന സൂര്യന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The forest minister should be removed from the cabinet -V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.