പാലക്കാട്: അട്ടപ്പാടി മധു കേസിലെ കൂറുമാറിയ സാക്ഷിയായ നാലാമത്തെ ഫോറസ്റ്റ് വാച്ചറെയും വനം വകുപ്പ് പിരിച്ചുവിട്ടു. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചർ സുനിൽ കുമാറിനെയാണ് പിരിച്ചുവിട്ടത്. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.
അട്ടപ്പാടി മധു കേസിൽ സാക്ഷിവിസ്താരം മണ്ണാർക്കാട് ജില്ല പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയിൽ ഇന്ന് പുനരാരംഭിച്ചിരുന്നു. കേസിലെ 25 മുതൽ 28 വരെയുള്ള നാലു പേരെയാണ് ചൊവ്വാഴ്ച വിസ്തരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ 25-ാം സാക്ഷി രാജേഷിനെ ഒഴിവാക്കി. ബാക്കി മൂന്നുപേരുടെ വിസ്താരം പൂർത്തിയായി.
26ഉം 28ഉം സാക്ഷികൾ മൊഴികളിൽ ഉറച്ചുനിന്നു. 27-ാം സാക്ഷി സൈതലവിയെ പ്രോസിക്യൂഷൻ കൂറുമാറിയതായി പ്രഖ്യാപിച്ചു. സംഭവ ദിവസം വണ്ടിക്കടവ് ഷെഡിന്‍റെ ഭാഗത്ത് പ്രതികൾ മധുവിനെ ഉന്തിത്തള്ളി കൊണ്ടു വരുന്നതും വടികൊണ്ട് തല്ലുന്നതും കാൽമുട്ടുകൊണ്ട് പിടിക്കുന്നതും കെണ്ടന്ന് മൊഴി കൊടുത്ത പൊലീസ് സാക്ഷിയാണ് സൈതലവി.
കോടതിയിൽ ഇക്കാര്യങ്ങൾ സൈതലവി നിഷേധിച്ചു. 28-ാം സാക്ഷി മണികണ്ഠൻ കേസിലെ ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ എന്നിവരെ കോടതിയിൽ തിരിച്ചറിഞ്ഞു. ഹുസൈൻ മധുവിനെ ചവിട്ടുന്നത് കണ്ടെന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ, സംഭവ സമയത്ത് മണികണ്ഠൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞതനുസരിച്ച് കാണാത്ത കാര്യം പറയുകയാണെന്നും പ്രതിഭാഗം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.