അങ്കമാലി: താലൂക്കാശുപത്രിയിൽ പനി ബാധിച്ചതിനെത്തുടർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസ്സുകാരിക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി. അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. അങ്കമാലി നഗരസഭ മൂന്നാം വാർഡിലെ കോതകുളങ്ങരയിൽ താമസിക്കുന്ന കുട്ടിക്കാണ് താലൂക്കാശുപത്രിയിൽനിന്ന് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം. പൂച്ച കടിച്ചതിന് മറ്റൊരു കുട്ടിക്ക് നൽകേണ്ട കുത്തിവെപ്പാണ് ബാലികക്ക് നൽകിയതെന്നാണ് അറിയുന്നത്.
പനിക്ക് ചികിത്സ തേടി ബുധനാഴ്ച ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. രണ്ട് ദിവസമായിട്ടും പനി ഭേദമാകാതെ വന്നതോടെ വെള്ളിയാഴ്ച വീണ്ടും അമ്മയോടൊപ്പം കുട്ടി ആശുപത്രിയിലെത്തി. രക്തം പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചു. ലാബിലെത്തിയപ്പോൾ സൗജന്യ രക്തപരിശോധനക്ക് ഓഫിസിൽനിന്ന് എഴുതി വാങ്ങാൻ നിർദേശിച്ചത്രെ. കുട്ടിയെ ലാബിൽ ഇരുത്തി അമ്മ ഓഫിസിൽ പോയി. ഈ സമയം കുട്ടിയുടെ സമീപത്തെത്തിയ ഡ്യൂട്ടിനഴ്സ് ‘പൂച്ച മാന്തിയതാണോ’ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി പറഞ്ഞതോടെ ഇരു കൈകളിലും പേ വിഷബാധക്കുള്ള കുത്തിവെപ്പ് നൽകി. അമ്മ വന്നപ്പോൾ കുത്തിവെച്ച വിവരം കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഭീതിയിലായ അമ്മയോടും കുട്ടിയോടും നഴ്സ് ക്ഷമ ചോദിക്കുകയും കുട്ടികളുടെ ഡോക്ടർ ഇരുവരെയും വിളിച്ച് വരുത്തി പ്രശ്ന സങ്കീർണത ലഘൂകരിച്ച് പറഞ്ഞ് വിടുകയും ചെയ്തു. പനി മാറാതെ വന്നതോടെ കുടുംബം ഭീതിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.