അവർ രക്ഷിക്കാൻ ശ്രമിച്ചു; പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഫെബിന്‍ റാഫിയും ടോം തോമസും കുറ്റക്കാരല്ലെന്ന് പെണ്‍കുട്ടികള്‍. യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി.ഡബ്ല്യൂ.സി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്.

മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെബിന്‍ റാഫി, ടോം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇരുവര്‍ക്കുമെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ ഇവർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടികൾ പറയുന്നത്. ഉച്ചത്തിൽ വിളിച്ചുപറഞ്ഞതോടെ ചിൽഡ്രൻസ് ഹോം ജീവനക്കാർ ഇവരെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടികളുടെ മൊഴി 164 ആക്ട് പ്രകാരം മജിസ്‌ടേറ്റിന് മുന്നില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അതിനിടെ പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

കോടതിയില്‍ ഹാജരാക്കാനിരിക്കെ യുവാക്കളിലൊരാളായ ഫെബിന്‍ റാഫി സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഒന്നര മണിക്കൂറോളം നേരത്തെ തിരച്ചിലിന് ശേഷം പിടികൂടിയ ഫെബിന്‍ റാഫിയെയും സ്റ്റേഷനിലുണ്ടായിരുന്ന ടോം തോമസിനെയും വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പത്തോടെ പോക്സോ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബിന്‍ റാഫിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിനും കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - The girls at the children's home said the pocso case was fabricated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.