തിയറ്ററുകൾ തുറക്കാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. അടച്ചിട്ട എ.സി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം ചോദ്യം ചെയ്ത് തിയറ്ററുടമകൾ സമർപ്പിച്ച ഹർജിയിലാണ് സർക്കാരിന്‍റെ മറുപടി. ഹരജി ഹൈകോടതി നാളെ പരിഗണിക്കും.

തിയറ്ററുകളോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ല. മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാർ സത്യവാങ്മൂലം നൽകി. തിയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചിട്ടില്ല. തിയറ്റർ അടച്ചിടണമെന്ന സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. 

Tags:    
News Summary - The government has told the high court that theaters cannot be opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.