ഗുരുവായൂര്‍: വിവാഹ രജിസ്ട്രേഷന് മതം ഘടകമാക്കേണ്ടതില്ലെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രാർമാർക്ക് സർക്കാർ ഉത്തരവ്. വിവാഹ രജിസ്ട്രേഷനായി കക്ഷികൾ നൽകുന്ന ഫോറം ഒന്നിലെ മെമ്മോറാണ്ടത്തിൽ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് കക്ഷികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ലെന്നും വിവാഹത്തിെൻറ സാധുത നിർണയിക്കാൻ തദ്ദേശ രജിസ്ട്രാർമാർക്ക് ആവില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിലെ കക്ഷികളുടെ മതം പരിഗണിച്ച് തദ്ദേശ രജിസ്ട്രാർമാർ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നതായി നിരവധി പരാതികൾ സർക്കാറിന് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു.
വിവാഹ രജിസ്ട്രേഷനുള്ള ചട്ടത്തിൽ 'ഭാരതത്തിൽ പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരമോ മതാചാരപ്രകാരമോ നടത്തപ്പെടുന്ന വിവാഹങ്ങളല്ലാതെ വിവാഹമെന്ന പേരിൽ ഏതെങ്കിലും കരാർ പ്രകാരമോ മറ്റേതെങ്കിലും വിധത്തിലോ ഉണ്ടാക്കുന്ന ഒരു ബന്ധവും 2008ലെ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതല്ല' എന്ന നിബന്ധന താൽക്കാലിക വിവാഹങ്ങൾ പോലുള്ളവ നിരുത്സാഹപ്പെടുത്താൻ ഉദ്ദേശിച്ച് ചട്ടങ്ങളിൽ ഉൾപ്പെടുത്തിയതാണെന്നും എന്നാൽ, ഇതിെൻറ പേരിൽ യഥാർഥ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ തടസ്സങ്ങൾ ഉണ്ടാവുന്നത് സർക്കാറിന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ ഉത്തരവ്. സ്കൂൾ സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിൽ മതം രേഖപ്പെടുത്തിയതിെൻറയും കക്ഷികളുടെ പേരിെൻറയും മറ്റും അടിസ്ഥാനത്തിലാണ് രജിസ്ട്രാർമാർ മതം നിർണയിക്കുന്നത്. അങ്ങനെയുള്ള വിവരങ്ങളുടെ അഭാവത്തിൽ കക്ഷികളിൽനിന്ന് രജിസ്ട്രാർമാർ കൂടുതൽ രേഖകൾ ആവശ്യപ്പെടുന്നുമുണ്ട്.
ചട്ടപ്രകാരം വിവാഹ രജിസ്ട്രേഷന് മെമ്മോറാണ്ടത്തിനൊപ്പം കക്ഷികളുടെ ജനന തീയതി തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളും വിവാഹം നടന്നതിനുള്ള തെളിവുമാണ് കക്ഷികൾ നൽകേണ്ടത്. വിവാഹം നടന്നതിനുള്ള തെളിവായി മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിെൻറ പകർപ്പ് അല്ലെങ്കിൽ ഗസറ്റഡ് ഓഫിസർ, എം.പി, എം.എൽ.എ, തദ്ദേശ സ്ഥാപന അംഗം എന്നിവരിൽ ആരെങ്കിലും ഫോറം നമ്പർ രണ്ടിൽ നൽകുന്ന ഡിക്ലറേഷനും ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫിസർ നൽകുന്ന സാക്ഷ്യപത്രവും തെളിവായി സ്വീകരിക്കാവുന്നതാണെന്ന് വ്യവസ്ഥയുണ്ട്
ഈ രേഖകൾക്ക് പുറമെ വിവാഹത്തിലെ കക്ഷികളുടെ മതം ഏതെന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടേണ്ടതില്ലെന്ന് തദ്ദേശ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.