തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ അംഗങ്ങളുടെ നിയമനത്തിൽ സർക്കാറിനെതിരെ പോർമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ശിപാർശ ചെയ്ത നാല് അംഗങ്ങളുടെ നിയമനം ഗവർണർ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ചീഫ് സെക്രട്ടറി നൽകിയ വിശദീകരണവും തള്ളി.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ. ജോസ് ജി. ഡിക്രൂസ്, ഹൈകോടതി അഭിഭാഷകൻ എച്ച്. ജോഷ്, യുവജന കമീഷൻ അംഗവും ഡി.വൈ.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റുമായിരുന്ന പ്രിൻസി കുര്യാക്കോസ്, ശുചിത്വമിഷൻ എക്സിക്യുട്ടിവ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ എന്നിവരുടെ നിയമനം സർക്കാറിൽനിന്ന് തൃപ്തികരമായ വിശദീകരണവും വിജിലൻസ് ക്ലിയറൻസും ലഭിക്കാതെ അംഗീകരിക്കാൻ കഴിയില്ലെന്ന് ഗവർണർ അറിയിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുമ്പോഴാണ് പി.എസ്.സിയെയും സർക്കാറിനെയും ഗവർണർ ഒരുപോലെ വെട്ടിലാക്കിയത്.
ചെയർമാനടക്കം 21 അംഗ പി.എസ്.സിയിൽ നിലവിൽ 14 പേരാണുള്ളത്. ഒഴിവുള്ള ഏഴിലേക്കാണ് ജൂലൈ അഞ്ചിന് ഡോ. ജോസ് ജി. ഡിക്രൂസിനെയും അഡ്വ.എച്ച്. ജോഷിനെയും മന്ത്രിസഭ ശിപാർശ ചെയ്തത്. ഇവർക്കെതിരെ അഴിമതി ആരോപണങ്ങളുമായി പരാതി ലഭിച്ചതോടെ ഗവർണർ സർക്കാറിനോട് വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെന്നു കണ്ട് പിന്നീട് വിജിലൻസ് ക്ലിയൻസ് റിപ്പോർട്ടടക്കം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സെപ്റ്റംബർ 28നു മന്ത്രിസഭ യോഗം പ്രിൻസി കുര്യാക്കോസിനെയും കെ.ടി. ബാലഭാസ്കരനെയും ശിപാർശ ചെയ്തത്. ഇവരുടെ നിയമനങ്ങളിലും പരാതികൾ ഗവർണർക്ക് ലഭിച്ചു. ഇതിൽ പ്രധാനം സേവ് യൂനിവേഴ്സിറ്റി കാമ്പയിനിന്റെ നിവേദനമായിരുന്നു.
ഡോ. പ്രിൻസി കുര്യാക്കോസ് കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡോക്ടറേറ്റിനായി സമർപ്പിച്ച പിഎച്ച്.ഡി പ്രബന്ധം അബദ്ധ പഞ്ചാംഗമാണെന്നും നിറയെ അക്ഷരത്തെറ്റുകളുമാണെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി. പ്രിൻസി ഗവേഷണം നടത്തിയത് അന്ന് കാലടി വി.സിയായിരുന്ന ഡോ. ധർമരാജ് അടാട്ടിന്റെ മേൽനോട്ടത്തിലാണ്. മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അസി.പ്രഫസറായി നിയമനം നല്കാന് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു എന്ന ആരോപണം ഉയര്‍ന്നതും അടാട്ടിനെതിരെയായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് എന്നതിലുപരി ഒരു പരിചയസമ്പന്നതയും പ്രിൻസിക്ക് അവകാശപ്പെടാനില്ലെന്നും പരാതികളിലുണ്ട്. ഇതിലും ഗവർണർ വിശദീകരണം തേടി. ചീഫ് സെക്രട്ടറി പലതവണ നേരിൽ കണ്ടെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാൽ നിയമന ഫയൽ ഒപ്പിടാതെ ഗവർണർ മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.