കൊച്ചി: അരൂർ നിയമസഭ മണ്ഡലത്തിലെ 39 ബൂത്തിൽ വിഡിയോഗ്രാഫിയോ വെബ്കാസ്റ്റിങ്ങോ ഏർപ്പെടുത്തുന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിക്കണമെന്ന് ഹൈകോടതി. മണ്ഡലത്തിൽ ആറായിരത്തോളം ഇരട്ടവോട്ടുണ്ടെന്നും ഈ ബൂത്തുകളിലെ പോളിങ് വിഡിയോയിൽ പകർത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്. അവധിദിനമായിരുന്നിട്ടും ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് സിംഗിൾ ബെഞ്ച് വാദം കേട്ടത്.
ഇൗ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ടറൽ ഒാഫിസർക്കും റിട്ടേണിങ് ഒാഫിസർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. 2019ലെ ഉപതെരഞ്ഞെടുപ്പിൽ താൻ രണ്ടായിരത്തോളം വോട്ടിനാണ് വിജയിച്ചത്. 6000 ഇരട്ടവോട്ട് െതരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നതിൽ മുഖ്യ ഘടകമാണ്. സ്വന്തം ചെലവിൽ വിഡിയോഗ്രാഫർമാരെ നിയോഗിക്കാൻ തയാറാണെന്നും അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
മണ്ഡലത്തിലെ 46 ശതമാനം ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരിശീലനം ലഭിച്ച വിഡിയോഗ്രാഫർമാരെ നിയോഗിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചു. പ്രശ്നബാധിത ബൂത്തുകളെന്ന് ആശങ്കയുള്ളവയുടെ വിവരങ്ങൾ നൽകാൻ സ്ഥാനാർഥികൾക്ക് നേരത്തേ സമയം നൽകിയിരുന്നു. ബൂത്തുകളിൽ സ്ഥാനാർഥിയുടെ ചെലവിൽ വിഡിയോഗ്രാഫർമാരെ അനുവദിക്കാനാവില്ലെന്നും കമീഷൻ വ്യക്തമാക്കി. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വെബ്കാസ്റ്റിങ് സൗകര്യമൊരുക്കിയവയുെട കൂട്ടത്തിൽ ഹരജിയിൽ പറയുന്ന ബൂത്തുകൾ ഉൾപ്പെടുന്നില്ലെങ്കിൽ അവിടെക്കൂടി വിഡിയോഗ്രാഫിയോ വെബ്കാസ്റ്റിങ്ങോ ഏർപ്പെടുത്തുന്ന കാര്യം കമീഷൻ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.