കൊച്ചി: സംസ്ഥാന-ജില്ല തല ഉപഭോക്തൃ സംരക്ഷണ കൗൺസിലുകൾ എന്ന് രൂപവത്കരിക്കുമെന്ന് രണ്ടാഴ്ചക്കം അറിയിക്കാൻ സർക്കാറിനോട് ഹൈകോടതി. സമയപരിധി സംബന്ധിച്ച് പൊതുവിതരണ വകുപ്പ് സെക്രട്ടറി നിശ്ചിത തീയതിക്കകം അറിയിക്കാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലെങ്കിലോ സമയപരിധി കോടതി തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് നിദിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും കൗൺസിലുകൾ രൂപവത്കരിക്കാത്ത നടപടിയെ വിമർശിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാന, ജില്ല തല ഉപഭോക്തൃ കമീഷനുകളുടെ അടിസ്ഥാന സൗകര്യമില്ലായ്മയും ജീവനക്കാരുടെ അപര്യാപ്തതയുമടക്കം ചൂണ്ടിക്കാട്ടി അഭിഭാഷക പരിഷത്ത് കൊല്ലം ജില്ല സെക്രട്ടറി സി.കെ. മിത്രൻ അഡ്വ. റോണി ജോസ് മുഖേന നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സർക്കാറിന് സമയപരിധി സംബന്ധിച്ച വിശദീകരണം നൽകാൻ സമയം അനുവദിച്ച കോടതി ഹരജി വീണ്ടും നവംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.