കൊല്ലം: നടുറോഡിൽ കാറിൽ യുവതിയെ ചുട്ടുകൊന്ന സംഭവത്തിൽ പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കൊട്ടിയം തഴുത്തലതുണ്ടിൽ മേക്കതിൽ അനില (44) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് പത്മരാജനുമായി (60) പൊലീസ് തെളിവെടുപ്പ് നടത്തിയത്.
സംഭവം നടന്ന കൊല്ലം ചെമ്മാൻമുക്കിൽ പ്രതിയുമായി പൊലീസെത്തി. ആസൂത്രിതമായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അനിലയെ കൊലപ്പെടുത്തിയതിൽ പ്രതിക്ക് പശ്ചാത്താപമില്ല. 14 വയസ്സുള്ള മകളുടെ കാര്യത്തിലാണ് വിഷമമെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
കടപ്പാക്കട നായേഴ്സ് ആശുപത്രിക്കുസമീപം ‘നിള ബേക്കേഴ്സ്’ എന്ന സ്ഥാപനം നടത്തുകയായിരുന്നു അനില. ബിസിനസ് പാർട്ട്ണറായ ഹനീഷ് ലാലുമായുള്ള ഇവരുടെ സൗഹൃദമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. തന്നെ ഹനീഷ് അനിലയുടെ മുന്നിലിട്ട് മർദിച്ചിട്ടും പിടിച്ചുമാറ്റാൻ പോലും അവർ തയാറായില്ലെന്നും അത് വിഷമിപ്പിച്ചുവെന്നും പത്മരാജൻ പൊലീസിനോട് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് പദ്മരാജനെ അനിലയുടെ ഹനീഷ് ബേക്കറിയിൽവെച്ച് മർദിച്ചത്.
ചൊവ്വാഴ്ച രാത്രി ബേക്കറി അടച്ച് ജീവനക്കാരനായി സോണി എന്ന യുവാവിനൊപ്പം കാറിൽ മടങ്ങുമ്പോഴാണ് പിന്നാലെ വാനിലെത്തിയ പത്മരാജൻ വണ്ടി ചേർത്ത് നിർത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന അനിലയുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പത്മരാജനും സോണിക്കും പൊള്ളലേറ്റു.
ഇരു വാഹനങ്ങളും കത്തിനശിച്ചു. അനിലക്കൊപ്പം ഹനീഷ്ലാലും ഉണ്ടാകുമെന്ന ധാരണയിലാണ് പത്മരാജൻ തീയിട്ടത്. രണ്ടുപേരെയും കൊല്ലുകയായിരുന്നു ലക്ഷ്യം.
ഹനീഷ് ലാലുമായുള്ള സൗഹൃദവും പാർട്ട്ണർഷിപ്പും ഒഴിയണമെന്ന് പത്മരാജൻ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തംഗം സാജന്റെ മധ്യസ്ഥതയിൽ ചൊവ്വാഴ്ച പകൽ ഇക്കാര്യം ചർച്ചചെയ്യുകയും ഹനീഷ് മുടക്കിയ ഒന്നരലക്ഷം മടക്കികൊടുത്ത് പാർട്ട്ണർഷിപ് ഒഴിയാൻ ധാരണയായതുമാണ്.
ഈ തുക പത്മരാജൻ കൊടുക്കണമെന്നതു സംബന്ധിച്ചും അനിലയുമായി തർക്കമുണ്ടായെങ്കിലും ഈമാസം 10ന് പണം നൽകാമെന്നും ധാരണയായി. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം കൊലപാതകത്തിലേക്കാണ് കാര്യങ്ങൾ എത്തിയത്.
കൊട്ടിയം: കൊല്ലം ചെമ്മാംമുക്കിൽവെച്ച് കാറിനുള്ളിൽ ഭാര്യയെ ചുട്ടുകൊന്ന കേസിലെ പ്രതി പത്മരാജനെക്കുറിച്ച് നാട്ടുകാർക്ക് പറയാൻ നല്ലത് മാത്രം. അയാൾ ഇത്തരം കൃത്യം നടത്തിയെന്നത് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.
കൊട്ടിയം ടൗൺ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയായിരുന്നു പത്മരാജൻ. ഇയാളുടെ ആദ്യ ഭാര്യ മരിച്ച ശേഷമാണ് അനിലയെ വിവാഹം ചെയ്തത്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്.
പദ്മരാജൻ കാറും വസ്തുവും വീടും എല്ലാം അയാളുടെ അധ്വാനത്തിലൂടെ വാങ്ങിയത് അനിലയുടെ പേരിലാണ്. എന്നാൽ, കുടുംബജീവിതത്തിൽ ഇവർക്കിടയിൽ പല അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. കഴിഞ്ഞമാസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന്, അനില കൊട്ടിയം പൊലീസിൽ പദ്മരാജൻ മർദിച്ചതായി ആരോപിച്ചു പരാതി നൽകി.
പദ്മരാജൻ വീട്ടിൽ കയറാൻ പാടില്ലെന്ന് പൊലീസ് നിർദേശിച്ചതിനെ തുടർന്ന് രണ്ട് ദിവസം ഹോട്ടലിൽ മുറിയിലാണ് താമസിച്ചത്. ശേഷം, പൊതുപ്രവർത്തകരും മറ്റും ഇടപെട്ടാണ് പദ്മരാജന് വീട്ടിൽ പ്രവേശിക്കാൻ അവസരമൊരുക്കിയത്. ഈ സംഭവം പദ്മരാജനെ ഏറെ പ്രകോപിപ്പിച്ചിരുന്നു.
ബിസിനസ് പാർട്ട്ണർ ഹനീഷുമായി പഞ്ചായത്ത് അംഗത്തിന്റെ മധ്യസ്ഥതിൽ നടന്ന ഒത്തുതീർപ്പ് ചർച്ചക്ക് ശേഷം കാറിൽ പത്മരാജനും അനിലയും പഞ്ചായത്ത് അംഗവും കൂടി ചെമ്മാൻ മുക്കിനടുത്തുള്ള വാടക വീട്ടിലെത്തുകയും ഫാൻ, പാചകവാതക എന്നിവ കൊട്ടിയത്തെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ശേഷമാണ് അനില തിരികെ പോയത്. ശേഷമാണ് രാത്രിയിൽ കൊലപാതകം നടന്നത്.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിലെത്തിച്ച അനിലയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവമറിഞ്ഞ് നിരവധി പേർ തഴുത്തല വഞ്ചി മുക്കിന് കിഴക്കുള്ള ഇവരുടെ വീട്ടിലെത്തി. മകൾ അപർണയാണ് അന്ത്യകർമങ്ങൾ നടത്തിയത്. സംസ്കാര ചടങ്ങുകൾക്കു ശേഷം ഇവരുടെ വീട്ടിലെത്തിയ പൊലീസ് സംഘം പത്മരാജൻ പെട്രോൾ വാങ്ങിയ കന്നാസും മൊബൈൽഫോണും കണ്ടെടുത്തു മടങ്ങി.
മകൾ പഠിക്കണം, വിഷമിക്കരുത് അഛനോട് ക്ഷമിക്കണം, സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് മകളോട് പറയണം -പൊലീസ് കസ്റ്റഡിയിലിരിക്കെ പഞ്ചായത്ത് അംഗംത്തോട് പത്മരാജൻ പറഞ്ഞ വാക്കുകളാണ്.
ശ്രീവിനായകാ കാറ്ററിങ് എന്ന പേരിൽ കാറ്ററിങ് നടത്തിവരികയായിരുന്ന പത്മരാജൻ ഈ മാസം 15ന് അടുത്തുള്ള ഒരു വിവാഹത്തിന് കാറ്ററിങ് നടത്തുന്നതിനായി 22,000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. തനിക്ക് മറ്റൊരാൾ നൽകാനുള്ള 50,000 രൂപയും ചേർത്ത് 72000 രൂപ വിവാഹം നടക്കേണ്ട വീട്ടുകാർക്ക് നൽകണമെന്നും ഗ്രാമപഞ്ചായത്തംഗത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.