അഞ്ചാലുംമൂട്: പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ വിനോദയാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കൊമ്പന്‍ ബസിെൻറ ഡ്രൈവറും ഉടമയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു.
അഞ്ചാലുംമൂട് പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. ജീവന് ഭീഷണിയാകുന്ന തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുക, സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുക, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആറു മാസംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്ന് അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച റിപ്പോര്‍ട്ട് ഹൈകോടതിക്ക് കൈമാറി. പൂത്തിരി ബസിന് മുകളില്‍ കത്തിച്ചത് വിവാദമായതോടെ ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്യാന്‍ മോട്ടോർ വാഹനവകുപ്പ് ശിപാര്‍ശ ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് പെരുമണ്‍ എൻജിനീയറിങ് കോളജിലെ വിദ്യാർഥികള്‍ വിനോദയാത്ര പോകുന്നതിന് മുന്നോടിയായി കൊമ്പന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിക്കുന്നതും ഇതില്‍നിന്ന് ബസിലേക്ക് പടര്‍ന്ന തീ ജീവനക്കാര്‍ അണക്കുന്നതുമുള്‍പ്പെടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
തുടര്‍ന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ വരുംവഴി ബസുകള്‍ പുന്നപ്രയിലും തകഴിയിലും വെച്ച് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി 36,000രൂപ പിഴ ഈടാക്കി. കഴിഞ്ഞദിവസം പത്തനംതിട്ട ആര്‍.ടി.ഒയുടെ പരിശോധനയിൽ ബസിൽ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.