കോഴിക്കോട് ലിങ്ക് റോഡിലെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ശാഖയിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഫയൽ പരിശോധിക്കുന്നു

കോർപറേഷന്റെ കോടികൾ തട്ടിയ സംഭവം: പിന്നിൽ മുൻ മാനേജർ മാത്രമെന്ന് സൂചന

കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിലെ (പി.എൻ.ബി) വിവിധ അക്കൗണ്ടുകളിൽ 21.50 കോടിയുടെ തിരിമറി നടത്തിയ കേസിൽ അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചുതുടങ്ങി. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ബാങ്കിന്റെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

പ്രതിയായ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി. റിജിൽ തനിച്ചാണ് തിരിമറികൾ നടത്തിയതെന്നാണ് ലഭ്യമായ തെളിവുകളിൽനിന്ന് വ്യക്തമായത്. ബാങ്കിലെയടക്കം കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചുവരുകയാണ്. തട്ടിയ പണത്തിൽ കൂടുതലും ഓഹരി നിക്ഷേപങ്ങളിലേക്കാണ് പോയത്. റിജിലിന്റെ അക്കൗണ്ടിലെത്തിയ പണം പൂർണമായും പിൻവലിച്ചിട്ടുണ്ട്. ഈ വർഷം മാർച്ച് മുതലാണ് പ്രതി പണം അപഹരിച്ചുതുടങ്ങിയത്. ആദ്യം 13.50 ലക്ഷം രൂപയാണ് പിൻവലിച്ചത്.

ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച രാവിലെയാണ് ബാങ്കിലെത്തി മാനേജർ സി.ആർ. വിഷ്ണുവിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് പണ ഇടപാടുകൾ സംബന്ധിച്ച രേഖകൾ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കോർപറേഷൻ അഡീഷനൽ സെക്രട്ടറി മനോഹരൻ, അക്കൗണ്ട്സ് ഓഫിസർ മനോജ് എന്നിവരെ ബാങ്കിലേക്ക് വിളിപ്പിച്ച് വിവരങ്ങൾ ശേഖരിക്കുകയും കണക്കുകൾ നിജപ്പെടുത്തുകയും ചെയ്തു.

കോർപറേഷന്റെ 12.60 കോടി രൂപയാണ് തട്ടിയതെന്നും ഇതിൽ 2.59 കോടി ബാങ്ക് തിരിച്ചുനൽകിയതായും അസി. കമീഷണർ ടി.എ. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. 10.07 കോടി രൂപയും ഇത്രയും തുകയുടെ പലിശയുമാണ് ഇനി കോർപറേഷന് ലഭിക്കാനുള്ളത്. കോർപറേഷന്‍റെ എട്ടും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമടക്കം ഒമ്പതും അക്കൗണ്ടുകളിലായി ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്.

അതേസമയം, കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വൻ തട്ടിപ്പാണ് നടന്നത് എന്നതിനാൽ തുടരന്വേഷണം ർ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്നാണ് സൂചന. മൂന്നുകോടി മുതൽ 25 കോടി വരെയുള്ള ബാങ്ക് തട്ടിപ്പുകൾ ആർ.ബി.ഐ മുഖേന ബന്ധപ്പെട്ട ബാങ്ക് സി.ബി.ഐയെ അറിയിക്കണമെന്നാണ് നിർദേശം. ആ നടപടികൾ ബാങ്ക് പൂർത്തിയാക്കിയതായാണ് വിവരം. അതിനാൽതന്നെ സി.ബി.ഐ അന്വേഷണത്തിനും സാധ്യതകൂടി. 

മേലുദ്യോഗസ്ഥർ ബലിയാടാക്കിയെന്ന് പ്രതി

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റേതടക്കമുള്ള അക്കൗണ്ടുകളിൽനിന്ന് കോടികൾ അനധികൃതമായി പിൻവലിച്ച് തിരിമറി നടത്തിയ കേസിൽ പ്രതിയായ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) മുൻ സീനിയർ മാനേജർ നായർകുഴി ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിലിന്റെ (32) മുൻകൂർ ജാമ്യപേക്ഷയിൽ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാർ എട്ടിന് വിധി പറയും. തിങ്കളാഴ്ച പരിഗണിച്ച ഹരജിയിൽ പൊലീസ് റിപ്പോർട്ട് നൽകി.

പ്രതിക്കുവേണ്ടി അഡ്വ. എം. അശോകനും പ്രോസിക്യൂഷനായി പ്രോസിക്യൂട്ടർ അഡ്വ. എം. ജയദീപും ഹാജരായി. അക്കൗണ്ട് തട്ടിപ്പ് നടന്ന സാഹചര്യത്തിൽ ബാങ്ക് റിജിലിനെ സസ്പെൻഡ് ചെയ്തെന്നും അധികൃതർ വിരലടയാളവും പാസ്വേർഡും മറ്റും തന്ത്രപൂർവം ദുരുപയോഗപ്പെടുത്തി അയാളെ കുടുക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.

കോർപറേഷന്റെയടക്കം ഉയർന്ന ഉദ്യോഗസ്ഥർ റിജിലിനെ ബലിയാടാക്കി. ലിങ്ക് റോഡ് ബ്രാഞ്ചിൽനിന്ന് എരഞ്ഞിപ്പാലം ബ്രാഞ്ചിലേക്ക് മാറിയപ്പോഴാണ് റിജിലിന്റെ അഭാവത്തിൽ ഉന്നത ഉദ്യോഗസ്ഥർ എതിരെ പ്രവർത്തിച്ചത്. സംഭവത്തെ തുടർന്ന് സസ്പെൻഷനും മറ്റും വന്നപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ബയോമെട്രിക് രേഖകളും മറ്റും ഉപയോഗപ്പെടുത്തിയത്.

ഈ ദുരുപയോഗമാണ് ടൗൺ പൊലീസെടുത്ത കേസിന് അടിസ്ഥാനമായത്. മേലുദ്യോഗസ്ഥരുടെ തെറ്റുകൾ റിജിലിന്റെ തലയിൽ കെട്ടിെവക്കുകയായിരുന്നു. കോർപറേഷന്റെ കോടികൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടപ്പോൾ റിജിലിന്റെ പാസ്വേർഡ് ഉപയോഗിച്ച് മറ്റാരോ ആണ് പണം തിരികെ അക്കൗണ്ടിലിട്ടതെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, സജീവമല്ലാത്ത വലിയ തുകയുള്ള അക്കൗണ്ടുകൾ നോക്കി പ്രതി തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലുള്ളത്.

ലൈഫ് പദ്ധതി വന്നപ്പോൾ ഉപയോഗിക്കാതെ കിടന്ന ഫണ്ട് വിതരണം ചെയ്യാൻ കോർപറേഷൻ നോക്കുമ്പോഴാണ് പണമില്ലാത്തത് കണ്ടെത്തിയതെന്ന് റിപ്പോർട്ടിലുണ്ട്.98 ലക്ഷം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തിന് ദോഷമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Tags:    
News Summary - The incident of stealing crores of the corporation: It is indicated that only the former manager is behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.