വൈത്തിരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാലുപേരെകൂടി വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശികളായ അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ് (29), അരീക്കോട്, കരിക്കാടന്‍ വീട്ടില്‍ ഷറഫുദ്ദീന് (38), കരിക്കാടന്‍ വീട്ടില്‍ കെ.കെ. ഷിഹാബ്ദീന്‍ (35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടില്‍ കെ.ടി. ഷഫീര്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ പൊഴുതന, പെരുങ്കോടയില്വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം. ഇത് ചോദിക്കാന്‍ മലപ്പുറത്തുനിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്.
റാഷിദ് സഞ്ചരിച്ച ക്രറ്റ കാറിനെ എട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി ആയുധങ്ങളുമായി ആക്രമണം തുടങ്ങി. അതേസമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഒടുവില്‍, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്‍വലിഞ്ഞ് ഓടിപ്പോവുകയായിരുന്നു.
സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന എന്‍.ടി. ഹാരിസിനെ (29) റാഷിദും സംഘവും ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കി കാര്‍ തല്ലിപ്പൊളിച്ചു. തുടര്‍ന്ന്, ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പുവടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ അരീക്കോട്, മൂര്‍ക്കനാട്, നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസിന്റെ (29) പരാതി പ്രകാരം റാഷിദിനെയും കൂട്ടാളികളെയും അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. റാഷിദിന്റെ പരാതിയിലാണ് ഹാരിസിനെയടക്കം നാലുപേരെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.