ചാവക്കാട്: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കിയെങ്കിലും കുറ്റപത്രം നൽകാനാകാതെ തീര പൊലീസ്. അപകടത്തെക്കുറിച്ച മർമപ്രധാന കണ്ടെത്തലുകൾ മെർക്കൈന്റൽ മറൈൻ ഡിപ്പാർട്മെന്റ് (എം.എം.ഡി) ഉദ്യോഗസ്ഥർ ഇതുവരെ സമർപ്പിക്കാത്തതാണ് തീര പൊലീസ് നടപടി വഴിമുട്ടാൻ കാരണം. സംഭവം നടന്ന സ്ഥലം വ്യക്തമാക്കേണ്ടത് എം.എം.ഡിയാണ്.
മേയ് 13ന് അർധരാത്രി എടക്കഴിയൂർ തീരത്തിന് പടിഞ്ഞാറ് 11.5 നോട്ടിക്കൽ മൈൽ അകലെയാണ് ലക്ഷദ്വീപിന്റെ യുവ സാഗർ എന്ന കാർഗോ കപ്പൽ പൊന്നാനി സ്വദേശിയുടെ ബോട്ടുമായി കൂട്ടിയിടിച്ചത്. മത്സ്യത്തൊഴിലാളികളായ കെ. അബ്ദുൽ സലാം (45), പി. ഗഫൂർ (47) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു നാലു മത്സ്യത്തൊഴിലാളികളെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. മുനക്കക്കടവ് തീരദേശ പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.
സംഭവത്തിൽ കപ്പൽ ക്യാപ്റ്റൻ വേണുകുമാർ, വൈസ് ക്യാപ്റ്റൻ കെ.ബി. മുഹമ്മദ്, റേഡിയോ ഓഫിസർ മുഹമ്മദ് ജലാൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇവരിൽനിന്ന് പൊലീസ് പ്രാഥമിക മൊഴിയെടുത്തിരുന്നു. കഴിഞ്ഞ 18ന് മുനക്കക്കടവ് തീരദേശ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് എം.എം.ഡി റിപ്പോർട്ടിനുശേഷം ഹാജരാകാൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഇവർ മൂന്നു പേരും ജോലിയിലേക്ക് തിരികെയെത്തിയതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.