ഇരവിപുരം: ജില്ല ആശുപത്രിയിലേക്കുള്ള നുജുമുദ്ദീൻ അഹമ്മദിന്റെ മുടക്കമില്ലാത്ത യാത്ര ചികിത്സ തേടിയുള്ളതല്ല. 30 വർഷമായി മുടങ്ങാതെയുള്ള ഈ പോക്ക് ആശുപത്രിയിലെത്തുന്ന ആയിരങ്ങൾക്കുവേണ്ടിയാണ്. മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും ഈ ‘മാറാരോഗത്തിന്’ വൈദ്യശാസ്ത്രത്തിലും മരുന്നില്ല. സ്വന്തക്കാർക്കുപോലും ചികിത്സാർഥമുള്ള കൂട്ടിരിപ്പിനും കൂടെപ്പോക്കിനും ആളെ കിട്ടാത്ത ഇക്കാലത്താണ് മുൻപരിചയം പോലുമില്ലാത്ത രോഗികൾക്ക് കൈത്താങ്ങായി ഈ സാമൂഹികസേവകൻ ഓടിയെത്തുന്നത്. അംഗീകാരങ്ങളോ അവാർഡുകളോ തന്നെ തേടിയെത്താത്തതിൽ ഒരു പരിഭവും ഇല്ലാതെയാണ് ഓരോ ദിവസവും അതിരാവിലെ ഈ ആതുരാലയത്തിന്റെ പടി കടന്ന് നുജുമുദ്ദീൻ അഹമ്മദ് എന്ന ഈ അമ്പത്താറുകാരൻ എത്തുന്നത്.
കൊല്ലൂർവിള പള്ളിമുക്ക് എസ്.ബി.ഐക്കടുത്തുള്ള കൊല്ലൂർവിള നഗറിലെ നൂറാം നമ്പർ ഖദിർ ഹൗസിൽനിന്ന് പുലർച്ച ഇറങ്ങി ആശുപത്രിവളപ്പിൽ എത്തുന്ന ഇദ്ദേഹത്തോട് സഹായം തേടി നിരവധി പേരാണ് എത്തുക. ഓപറേഷൻ തീരുമാനിച്ചവരും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തവരും ആംബുലൻസിന് കൊടുക്കാൻ സാമ്പത്തികം ഇല്ലാത്തവരും പുറത്തുനിന്ന് മരുന്നുവാങ്ങാൻ കഴിവില്ലാത്തവരും ഉണ്ടാകും. നിരവധി പേർക്കാണ് ആംബുലൻസ് വാടകയും മരുന്നുകളും ഇദ്ദേഹം വാങ്ങിനൽകിയിട്ടുള്ളത്.
ജില്ല ആശുപത്രിക്കടുത്തായിരുന്നു കുടുംബവീട്. കുട്ടിക്കാലത്ത് ദിവസവും ആശുപത്രിയിൽ പോയി നോക്കിനിൽക്കുമായിരുന്നു. അങ്ങനെയാണ് എസ്.എൻ കോളജിൽ ബിരുദപഠനത്തിനിടെ ആശുപത്രി വികസന സമിതിയിൽ കയറണമെന്ന ചിന്ത മനസ്സിൽ കടന്നുകൂടിയത്. ബിരുദാനന്തരബിരുദ പഠനശേഷം ജനതാദളിൽ ചേർന്നു. അതുവഴി ആശുപത്രി ഉപദേശകസമിതിയിൽ എത്തി. ഒരിക്കൽ ആശുപത്രിവളപ്പിൽ നിർധനയായ വയോധികയും മകളും കരയുന്നതുകണ്ട് വിവരം തിരക്കി. ആശുപത്രിയിൽ കിടന്നുമരിച്ച ഭർത്താവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പണമില്ലാതെ വിഷമിക്കുന്നത് മനസ്സിലാക്കി സ്വന്തം കൈയിൽനിന്ന് പണം മുടക്കി ആംബുലൻസ് വിളിച്ച് മൃതദേഹം അവരുടെ വീട്ടിലെത്തിച്ചുകൊടുത്തത് ഇന്നും ഓർമയിലെത്തുന്നു.
ജില്ല ആശുപത്രിയിലെ ഒരു സൂപ്രണ്ടിനെതിരെ അഴിമതി ആരോപിച്ച് സമരവും നടത്തിയിട്ടുണ്ട്. ജില്ല ആശുപത്രിയിൽ മുൻ മന്ത്രി എ.എ. റഹീമിന്റെ പേരിൽ കമാനം സ്ഥാപിച്ചതും ഇദ്ദേഹമാണ്. ആശുപത്രിയുമായുള്ള ബന്ധം വിടരുതെന്ന ഉദ്ദേശ്യത്തോടെ തന്റെ നാല് മക്കളിൽ മൂത്തയാളെ എം.ബി.ബി.എസിന് പഠിപ്പിച്ച് ജില്ല ആശുപത്രിയിൽ തന്നെ ഹൗസ് സർജൻ ഡോക്ടറായി സേവനം ചെയ്യിച്ചു. മറ്റ് മൂന്നുമക്കളെയും വിദ്യാസമ്പന്നരാക്കാനും കഴിഞ്ഞു. വ്യാപാരത്തിൽനിന്ന് ലഭിക്കുന്ന വരുമാനമാണ് പാവപ്പെട്ട രോഗികളെ സഹായിക്കാൻ വിനിയോഗിക്കുന്നത്. സേവന, ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഭാര്യയുടെയും മക്കളുടെയും പൂർണ പിന്തുണയുണ്ട്. ഏതെങ്കിലും സമിതികളിൽ കടന്നുകൂടിയാൽ സാമ്പത്തികലാഭം മാത്രം നോക്കുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ജനതാദൾ എസ് ജില്ല സെക്രട്ടറി കൂടിയായ നുജുമുദ്ദീൻ അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.