പാലക്കാട്: ചൂടിന്റെ തീവ്രത വർധിച്ചത് പാലക്കാട്ടുകാരെ വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഫെബ്രുവരി ആദ്യആഴ്ചയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടായിരുന്നു 40.6 ഡിഗ്രി സെൽഷ്യസ്. മലമ്പുഴ ഡാം 39.2, മങ്കര 38.9, ഒറ്റപ്പാലം 38.7 ഡിഗ്രി സെൽഷ്യസ് ചൂടും അനുഭവപ്പെട്ടു.
എരിമയൂരിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കാറ്റിന്റെ ദിശയനുസരിച്ച് കൂടിയ ഉഷ്ണം പിന്നീട് മറ്റ് ജില്ലകളിലേക്ക് മാറിയെന്നത് തെല്ല് ആശ്വാസമാണെങ്കിലും ജലക്ഷാമം, വരൾച്ച, വിളനാശം എന്നിവയുടെ ഭീഷണി നിലനിൽകുന്നു.
രണ്ടുവർഷമായി വേനലിൽ ഉഷ്ണത്തിന്റെ തോതിൽ വർധനയുണ്ട്. ആഗോളതല അന്തരീക്ഷ മാറ്റത്തിനൊപ്പം പ്രാദേശിക ഘടകങ്ങളും ഇതിന് കാരണമാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാനത്ത് സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള ഡാറ്റകൾ ലഭ്യമായി തുടങ്ങിയെങ്കിലും, തുടക്കത്തിലുള സാങ്കേതിക പ്രശ്നങ്ങൾ കണക്കുകളെ ബാധിക്കുന്നെന്നാണ് പരാതി. ചിലതിൽ ഡാറ്റകൾ കൃത്യമല്ല. താരതമ്യം ചെയ്യാൻ കഴിഞ്ഞതവണ ഈ പ്രദേശങ്ങളിൽ അനുഭവിച്ച ഉഷ്ണത്തിന്റെ അളവും ലഭ്യമല്ല വെതർ സ്റ്റേഷനില്ലാത്ത സ്ഥലങ്ങളിൽ ഇതിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടാകുമെന്ന് കാലാവസ്ഥ ഗവേഷകർ നിരീക്ഷിക്കുന്നു.
അടുത്ത രണ്ടുമാസം പതിവിലും കൂടുതൽ ചൂടുയരാൻ സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പകൽ വെയിലിന്റെ കാഠിന്യം കൂടുന്നു.
അണക്കെട്ട് പ്രദേശങ്ങളിലാണ് ചൂട് കൂടുതൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജില്ലയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ (എ.ഡബ്ല്യൂ.എസ്) വിവരപ്രകാരം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കാഞ്ഞിരപ്പുഴയിലാണ് 40.5 ഡിഗ്രി സെൽഷ്യസ്.
അതിരാവിലെ തണുപ്പ് 16 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്. മലയോര മേഖലയായ അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിൽ ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തി. പകൽ 11 മുതൽ മൂന്നുവരെയാണ് ചൂട് കൂടുന്നതെന്ന് റിട്ട. കാലാവസ്ഥ ഉദ്യോഗസ്ഥൻ ഗോപകുമാർ ചോലയിൽ പറഞ്ഞു. നിലവിൽ സൂര്യതാപമേറ്റ കേസുകൾ രേഖപ്പെടുത്തിയിട്ടില്ല.
നേരിട്ട് വെയിലേൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം. അന്തരീക്ഷത്തിൽ ചൂട് കൂടുതലായതിനാൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും.
താപനില പതിവിലും ഉയരുമ്പോൾ വറ്റിവരണ്ടു ചുവന്നുചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, അസ്വസ്ഥമായ മാനസികാവസ്ഥ, അബോധാവസ്ഥ എന്നിവയുണ്ടാകുന്നു. ചൂട് മൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കരുത്. ഇത്തരം അവസ്ഥകളുണ്ടായാൽ അടിയന്തരമായി ഡോക്ടറെ കാണണം.
ജില്ലയിൽ അന്തരീക്ഷതാപനില വർധിച്ചുവരികയാണെന്നും സൂര്യാഘാതമേൽക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ.ആർ. വിദ്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.