തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക് -2024) വെള്ളിയാഴ്ച തുടങ്ങും. 16ന് സമാപിക്കും. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേളയിലൂടെ ലോകോത്തര നാടകങ്ങളാണ് സാംസ്കാരിക നഗരിയിലേക്ക് എത്തുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുത്ത 23 നാടകങ്ങൾക്ക് എട്ട് ദിവസങ്ങളിൽ ഏഴ് വേദികളിലായി 47 പ്രദർശനങ്ങളൊരുക്കും.
വെള്ളിയാഴ്ച വൈകീട്ട് 7.45ന് ‘ആക്ടർ മുരളി’ തിയറ്ററിൽ ബ്രസീലിയൻ തദ്ദേശീയ- രാഷ്ട്രീയ വിഷയങ്ങളെ നാല് ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ച് അവതരിപ്പിക്കുന്ന ‘അപത്രിദാസ്’ എന്ന പോർചുഗീസ് നാടകം അരങ്ങേറും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ‘തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സി’ൽ അരങ്ങേറുന്ന ‘മാട്ടി കഥ’ ഡൽഹിയിലെ ട്രാം ആർട്സ് ട്രസ്റ്റ് പ്രൊഡക്ഷനാണ് അവതരിപ്പിക്കുന്നത്.
തൃശൂർ കോർപറേഷൻ പാലസ് ഗ്രൗണ്ടിൽ ഡൽഹി ദസ്താൻ ലൈവിന്റെ ‘കബീര ഖദാ ബസാർ മേ’ കാണികൾക്ക് സൗജന്യമായി കാണാം. കബീർ സൂക്തങ്ങളെ കോർത്തിണക്കി റോക്ക് ഒപേറ സ്റ്റൈലിൽ എം.കെ. റെയിന രൂപകൽപന ചെയ്ത നൂതന രംഗാവിഷ്കാരമാണിത്.
ആർടിസ്റ്റ് സുജാതന്റെ നേതൃത്വത്തിൽ 23 നാടകങ്ങളുടെയും വേദികൾ സജ്ജമായി. സംഗീത നാടക അക്കാദമിക്കൊപ്പം രാമനിലയം, സ്കൂൾ ഓഫ് ഡ്രാമ കാമ്പസുകളും തൃശൂർ കോർപറേഷൻ പാലസ് ഗ്രൗണ്ടും ടൗൺ ഹാളും വേദികളാണ്. ‘അല്ലെ ആർമി’ എന്ന ഇറ്റാലിയൻ നാടകവും ‘ഹൗ ടു മേക്ക് എ റവൊല്യൂഷൻ’ എന്ന ഫലസ്തീൻ നാടകവും അരങ്ങിലെത്തും.
നാടകങ്ങൾ കൂടാതെ പാനൽ ചർച്ചകളും ദേശീയ-അന്തർദേശീയ നാടക പ്രവർത്തകരുമായുള്ള മുഖാമുഖവും സംഗീതനിശകൾ, തിയറ്റർ ശിൽപശാലകൾ എന്നിവയും അരങ്ങേറും. 10 മുതൽ 16 വരെ രാമനിലയം കാമ്പസിലെ ഫാവോസ് തിയറ്ററിൽ ഉച്ചക്ക് 1.30ന് പാനൽ ചർച്ചകളും സംവാദാത്മക സെഷനുകളും നടക്കും. ഉദ്ഘാടനം പാലസ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. നടി രോഹിണി മുഖ്യാതിഥിയാകും.
വാർത്തസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ, നിർവാഹകസമിതി അംഗം രേണു രാമനാഥ്, ഇറ്റ്ഫോക് കോ ഓഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവർ പങ്കെടുത്തു.
ഫെസ്റ്റിവൽ ദിവസങ്ങളിൽ രാവിലെ ഒമ്പതിന് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിൽ നിന്ന് അന്നേ ദിവസത്തെ മുഴുവൻ നാടകങ്ങളുടെയും നിശ്ചിത ശതമാനം ടിക്കറ്റുകൾ ലഭ്യമാകും. ബാക്കിയുള്ളത് ഓരോ നാടകത്തിന്റെയും ഒരു മണിക്കൂർ മുമ്പ് കൗണ്ടറിൽ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 70 രൂപ.
ഓൺലൈൻ ടിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് മെയിൽ വഴി ലഭിച്ച ടിക്കറ്റിന്റെ ബാർകോഡ് തിയറ്ററിന്റെ പ്രവേശന കവാടത്തിൽ സ്കാൻ ചെയ്തോ അല്ലെങ്കിൽ ടിക്കറ്റ് പ്രിന്റ് കൊണ്ട് വന്നോ നാടകം കാണാം. ഫെസ്റ്റിവൽ ബുക്ക് ഉൾപ്പെടുന്ന കിറ്റും കൗണ്ടറിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.