ആറാട്ടുപുഴ: പൊലീസ് അന്വേഷിച്ചിട്ട് തുമ്പുപോലും കിട്ടാതിരുന്ന കേസിൽ മത്സ്യത്തൊഴിലാളിയുടെ അന്വേഷണ മികവ്. രണ്ടരവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ വീട്ടിൽനിന്ന് മോഷണം പോയ മത്സ്യബന്ധന വള്ളത്തിന്റെ എൻജിനാണ് കണ്ടെത്തിയത്. കേസിന് തുമ്പുണ്ടാക്കിയത് മത്സ്യത്തൊഴിലാളി ആറാട്ടുപുഴ വലിയഴീക്കൽ ചന്ദ്രവിലാസത്തിൽ ജ്യോതിഷ്കുമാറാണ്.
2021 ആഗസ്റ്റിലാണ് ജ്യോതിഷ്കുമാറിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന എൻജിൻ മോഷണം പോയത്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരുന്നു. എൻജിൻ നഷ്ടപ്പെട്ട നാൾ മുതൽ കേസ് സ്വയം ഏറ്റെടുത്ത് ജ്യോതിഷ്കുമാർ അന്വേഷണം ആരംഭിച്ചിരുന്നു. പഴുതടച്ച അന്വേഷണമാണ് എൻജിൻ കണ്ടെത്താൻ സഹായിച്ചത്.
തീരത്തുനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നതുമായ ബന്ധപ്പെട്ട മാധ്യമവാർത്തകൾ കൃത്യമായി ശ്രദ്ധിക്കുമായിരുന്നു. ഇതിനിടെയാണ് ഒന്നരമാസം മുമ്പ് വട്ടച്ചാൽ ഭാഗത്തുനിന്ന് അഞ്ച് എൻജിൻ നഷ്ടമായ വാർത്ത ശ്രദ്ധയിൽപെട്ടത്. മോഷണങ്ങളിൽ പ്രദേശത്തെ ഒരു യുവാവിന് പങ്കുണ്ടെന്ന് നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. പൊലീസ് നിരീക്ഷിച്ചുവന്ന യുവാവ് ഒളിവിൽപോയതായാണ് വിവരം. ഈ യുവാവിനെ കേന്ദ്രീകരിച്ചായി പിന്നീട് ജ്യോതിഷ്കുമാറിന്റെ അന്വേഷണം.
രണ്ടരവർഷം മുമ്പ് ഇയാൾ ഒരു എൻജിൻ അയൽവാസിയായ മറ്റൊരാൾക്ക് വിറ്റതായി കണ്ടെത്തി.
ഇത് വാങ്ങിയ രാമഞ്ചേരി സ്വദേശിയെ അന്വേഷിച്ചെത്തിയപ്പോൾ എൻജിൻ വർക്ക് ഷോപ്പിലാണെന്നാണ് വീട്ടിലുണ്ടായിരുന്നവർ പറഞ്ഞത്. എൻജിൻ വാങ്ങാനെത്തിയതെന്നാണ് വീട്ടുകാരെ ജ്യോതിഷ്കുമാർ ധരിപ്പിച്ചത്.
പിന്നീട്, എൻജിൻ വളഞ്ഞവഴിയുള്ള വർക്ക് ഷോപ്പിലാണെന്ന് വാങ്ങിയ ആളും പറഞ്ഞു. പൊലീസിനെയും കൂട്ടി വർക്ക് ഷോപ്പിൽ പോകാമെന്നും നിങ്ങളും പ്രതിയാകുമെന്നും പറഞ്ഞപ്പോഴാണ് വീട്ടിൽ സൂക്ഷിച്ച എൻജിൻ കാണിക്കാൻ ഇയാൾ തയാറായത്.
പുറത്തുള്ള എൻജിൻ നമ്പർ മായ്ച്ചിരുന്നു. എന്നാൽ, കവചത്തിനുള്ളിൽ നാണയത്തിന്റെ വലുപ്പത്തിൽ നമ്പർ പതിച്ചിരുന്നത് മായ്ക്കാൻ കഴിഞ്ഞിരുന്നില്ല. എൻജിൻ വാങ്ങിയ ബില്ലുമായി ഒത്തുനോക്കിയപ്പോൾ നഷ്ടമായതാണെന്ന് ഉറപ്പിച്ച് പൊലീസിനെ വിവരം അറിയിച്ചു. തൃക്കുന്നപ്പുഴ പൊലീസ് എൻജിൻ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.