കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകൾ. വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ജാഗ്രതക്കുറവാണ് കാരണമെന്നാണ് ജലസേചന വകുപ്പ് തയാറാക്കിയ റിപ്പോർട്ടിലുള്ളത്.
ജലസേചന വകുപ്പിന് നോട്ടക്കുറവുണ്ടായെന്ന് വ്യവസായ വകുപ്പ് അധികൃതർ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് തുറക്കുന്നതിന് 10 മണിക്കൂർ മുമ്പുതന്നെ മത്സ്യങ്ങൾ ചത്തുതുടങ്ങിയിരുന്നെന്നും ഇക്കാര്യം പ്രദേശത്തെ ജനജാഗ്രതാ സമിതി മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരെ അറിയിച്ചിരുന്നെന്നുമാണ് ജലസേചന വകുപ്പ് റിപ്പോർട്ട്. പാതാളം ഷട്ടറിന് മുമ്പുള്ള ഏതോ ഫാക്ടറിയിലെ രാസമാലിന്യമാണ് മീൻകുരുതിക്ക് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ കമ്പനികൾ മാത്രമല്ല വൻകിട പൊതുമേഖല ഫാക്ടറികളും പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതാണ് തുടർച്ചയായ മത്സ്യക്കുരുതിക്ക് കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
മലിനജലം ശുദ്ധീകരിച്ച് പുറത്തേക്ക് ഒഴുക്കാൻ മാത്രമാണ് ഫാക്ടറികൾക്ക് അനുമതി. ഇതിന്റെ മറവിലാണ് രാവും പകലുമില്ലാതെ മലിനജലം ഒഴുക്കുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. അതിനിടെ, പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏതെന്നതില്‍ വ്യക്തതയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും പരിശോധനഫലങ്ങൾ വൈകുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫോർട്ട് കൊച്ചി സബ് കലക്ടറും ഫിഷറീസ് വകുപ്പ് അഡീഷനൽ ഡയറക്ടറും പെരിയാർ സന്ദർശിച്ചു. റിപ്പോർട്ട് വൈകാതെ നൽകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.