കണ്ണൂർ: മാധ്യമപ്രവർത്തകനെ ബിൻ ലാദനോട് ഉപമിച്ചിട്ടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഏഷ്യാനെറ്റ് റിപ്പോർട്ടറെ ബിൻലാദനോട് ഉപമിച്ച് വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നൗഫലിനെ ലാദനോട് ഉപമിച്ചിട്ടില്ല. യൂസഫിന്റെ മകൻ ആണ് നൗഫൽ എന്ന് സൂചിപ്പിക്കാൻ ആണ് ഈ പരാമർശം നടത്തിയത്. ഉദാഹരണമായി ലാദന്റെ മകനാണ് ഒസാമ എന്ന് പറഞ്ഞു എന്ന് മാത്രം. എം.വി ജയരാജൻ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ജയരാജൻ വംശീയമായി അധിക്ഷേപിച്ചു എന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തിയായിരുന്നു ജയരാജന്റെ പ്രസ്താവന. 'ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടി' എന്നായിരുന്നു ജയരാജൻ പറഞ്ഞത്.
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നും എം.വി ജയരാജൻ പറഞ്ഞു. 'ചില ബി.ജെ.പി നേതാക്കൾക്കും മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ടോ എന്ന് സംശയിക്കണം. വിജയ് പിള്ള എന്ന പേര് മാധ്യമങ്ങൾ വിജേഷ് പിള്ള എന്ന് തിരുത്തി നൽകിയത് എങ്ങനെയാണ്. റിലീസ് ചെയ്ത ഉടൻ പൊളിഞ്ഞു പോയ സിനിമയാണ് പുതിയ ആരോപണം'. കൈ ശുദ്ധമായത് കൊണ്ടാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കാത്തതെന്നും ജയരാജൻ പറഞ്ഞു.
‘സ്വപ്നയുടെ ആരോപണം സംസ്ഥാന സെക്രട്ടറിയുടെ ജാഥ വിജയിച്ചതിൽ വിഭ്രാന്തി പൂണ്ടവർ തയ്യാറാക്കിയ തിരക്കഥയാണ്. ചോദ്യങ്ങൾ ഒഴിവാക്കാനാണ് ആരോപണം ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ചത്. എം.വി ഗോവിന്ദനുമായി ഒരു ബന്ധവുമില്ലന്ന് വിജേഷ് പിള്ള പറഞ്ഞിട്ടുണ്ട്. വിജേഷിന്റെ കുടുംബം ശൈവ പിള്ള കുടുംബത്തിൽ പെട്ട ആളാണ്. 30 കോടി കൊടുക്കാൻ ആസ്തിയില്ലാത്ത ഒരാളാണ് വിജേഷ് എന്ന് കരുതുന്നില്ല. ഓട്ടോറിക്ഷ ഓടിച്ചാണ് വിജേഷിന്റെ പിതാവ് കുടുംബം പോറ്റുന്നത്.' ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.