ചാലക്കുടി: നിരാലംബരായി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞു വന്ന വയോ ദമ്പതിമാർക്ക് ജഡ്ജി ഇടപെട്ട് അഭയം ഉറപ്പാക്കി. പോകാനിടമില്ലാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞുവരുകയാണ് ദമ്പതികൾ.
ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജില്ല ആൻഡ് സെഷന്‍സ് ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇവർക്ക് അഭയ മാർഗം തെളിഞ്ഞത്.
റെയിൽവേ സ്റ്റേഷനിൽ ഇവരുടെ ദൈന്യാവസ്ഥ നേരിൽക്കണ്ട അദ്ദേഹം വിവരം അന്വേഷിക്കുകയായിരുന്നു. കോഴിക്കോട് മാവൂർ സ്വദേശികളായ രാജനും (78) ഭാര്യ സുലോചനയും (68) ചികിത്സക്കായി വീട് വിറ്റ് അലയുകയായിരുന്നു. ഇവർക്ക് മക്കളില്ല. ഒമ്പത് വർഷം ഗുരുവായൂർ ക്ഷേത്രനടയിലായിരുന്നു. പിന്നെ എട്ടു വർഷം ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപവും കഴിഞ്ഞുകൂടി. രാത്രികാലങ്ങളിൽ തങ്ങുന്നതിൽ നിയമപ്രശ്നം വന്നപ്പോൾ അവിടെ നിന്നും പോരേണ്ടി വന്നു. ഒടുവിൽ ചാലക്കുടി റയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു.
ദുരിതങ്ങളറിഞ്ഞ് വിഷമം തോന്നിയ ഡോണി തോമസ് വര്‍ഗീസ് ഭക്ഷണം വാങ്ങിനൽകുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനിൽ തുടർന്നു ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പോകുകയാണെന്നും ദമ്പതികൾ പറഞ്ഞു. പോകാനിടമില്ലെന്ന് മനസിലാക്കിയ അദ്ദേഹം രണ്ടുദിവസം കൂടി എങ്ങനെയെങ്കിലും കഴിയാനാവശ്യപ്പെട്ട് സമാധാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ഡോണി തോമസ് വര്‍ഗീസ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം ധരിപ്പിച്ചു. ഗാന്ധിഭവൻ പ്രവർത്തകർ തിങ്കളാഴ്ച രാവിലെ 10ന് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തി വയോധിക ദമ്പതികളെ ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചു. ചാലക്കുടി ഇൻസ്പെക്ടർ സന്ദീപിനെയാണ് ഇതുമായി ബന്ധപ്പെട്ട ചുമതലകൾ ഏൽപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.